തിരുവല്ല, അടൂർ എ.ടി.ഒ ഓഫീസുകൾ നിറുത്തലാക്കി, കെ.എസ്.ആർ.ട‌ി.സി ഇനി ഒരു കുടക്കീഴിൽ

Monday 18 July 2022 12:05 AM IST

പത്തനംതിട്ട : ഭരണസൗകര്യത്തിനും ചെലവു ചുരുക്കലിനുമായി ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ ഒരു ഓഫീസിനു കീഴിലേക്ക്. സംസ്ഥാന വ്യാപകമായി കെ.എസ്.ആർ.ടി.സിയിൽ വരുത്തിയ മാറ്റങ്ങളുടെ തുടർച്ചയായി ജില്ലയിൽ ഇന്നു മുതൽ പത്തനംതിട്ടയിൽ മാത്രം ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഉണ്ടാകുക.
തിരുവല്ല, അടൂർ എ.ടി.ഒ ഓഫീസുകൾ നിറുത്തലാക്കിയാണ് പത്തനംതിട്ട ഡി.ടി.ഒയുടെ കീഴിലേക്കു മാറുന്നത്. രണ്ടു സ്ഥലങ്ങളിലും എ.ടി.ഒ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന മിനിസ്റ്റീരിയൽ ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി. ഓഫീസുകളിലെ ഫയലുകൾ, ഫർണിച്ചറുകൾ എന്നിവ പത്തനംതിട്ടയിലെത്തിച്ചു. തിരുവല്ലയിൽ നിന്ന് 24 ഓഫീസ് ജീവനക്കാരെ പത്തനംതിട്ടയിലേക്കു മാറ്റിയിട്ടുണ്ട്. അടൂർ, തിരുവല്ല എ.ടി.ഒമാരും ഇനി പത്തനംതിട്ടയിലാകും പ്രവർത്തിക്കുക. തിരുവല്ല, അടൂർ ഡിപ്പോകൾ ഇതോടെ ഓപ്പറേറ്റിംഗ് സെന്ററുകൾ മാത്രമാകും. തിരുവല്ലയുടെ കീഴിലായിരുന്ന മല്ലപ്പള്ളിയും അടൂരിനു കീഴിലായിരുന്ന പന്തളവും പത്തനംതിട്ട ഡി.ടി.ഒയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാകും.
ഡിപ്പോകളിലെ ഷെഡ്യൂൾ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഡി.ടി.ഒ, എ.ടി.ഒ തരംതിരിവ്. 50 ഷെഡ്യൂളുകളിൽ കൂടുതൽ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോകൾക്ക് ഡി.ടി.ഒ ഉണ്ടായിരുന്നു. ഇതനുസരിച്ച് പത്തനംതിട്ടയിലും തിരുവല്ലയിലും ഡി.ടി.ഒമാരാണുണ്ടായിരുന്നത്. പിന്നീട് 70 ഷെഡ്യൂളുകൾക്കു മുകളിലുള്ള ഡിപ്പോകൾക്കു മാത്രമായി ഡി.ടി.ഒ പദവി പരിമിതപ്പെടുത്തി. ഇതോടെ പത്തനംതിട്ട, തിരുവല്ല, അടൂർ ഡിപ്പോകൾ അതാത് സ്ഥലങ്ങളിൽ എ.ടി.ഒയുടെ ചുമതലയിലായിരുന്നു. സംസ്ഥാനത്ത് 28 ഡി.ടി ഓഫീസുകൾ പ്രവർത്തിച്ചിരുന്നത് 15 എണ്ണം മാത്രമാക്കി.
പത്തനംതിട്ട ഡി.ടി ഓഫീസ് ഇന്നു മുതൽ പുതിയ ബസ് ടെർമിനലിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാകും പ്രവർത്തിക്കുക. പത്തനംതിട്ടയിൽ എ.ടി.ഒ ആയിരുന്ന തോമസ് മാത്യുവിന് ഇന്നു മുതൽ ഡി.ടി.ഒയുടെ ചുമതലയാകും. അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോന്നി ഓപ്പറേറ്റിംഗ് സെന്ററുകളും ഡിപ്പോ വർക്ക് ഷോപ്പ് എന്നിവയും ഡി.ടി.ഒയുടെ നിയന്ത്രണത്തിലാകും.

Advertisement
Advertisement