നൂറിലേറെ കി.മീറ്റർ വേഗതയിൽ പായും ഈ ഇത്തിരിക്കുഞ്ഞന്മാർ!

Monday 18 July 2022 1:11 AM IST

ഇസ്ലുവിന്റെ ആർ.സി കാർ ശേഖരം

കുഞ്ഞൻ കാറുകൾ സ്വന്തമാക്കി, ചാമ്പ്യനായി ഇസ്ലു

കൊച്ചി: ആലുവ എടത്തല സ്വദേശി ഇസ്ലു ഇബ്രാഹിമിന്റെ കുഞ്ഞൻ കാറുകളുടെ ശേഖരം കണ്ടാൽ കളിപ്പാട്ടക്കൂമ്പാരമാണെന്ന് തോന്നും, പക്ഷേ, അവയെല്ലാം പായുന്നത് നൂറിലേറെ കിലോമീറ്റർ വേഗതയിൽ!. റിമോട്ട് കൺട്രോളിലൂടെ (ആർ.സി) നിയന്ത്രിക്കുന്ന കുഞ്ഞൻ കാറുകളുടെ റേസിംഗ് മത്സരത്തിൽ ഹരംപിടിച്ച് വാങ്ങിക്കൂട്ടിയതാണ് ഇതെല്ലാം. ആർ.സി കാറുകളുടെ റേസിംഗ് ചാമ്പ്യന്മാരിലൊരാളാണ് ആലുവയിൽ മൊബൈൽ ഷോപ്പ് ഉടമകൂടിയായ ഇസ്ളു.

20 മുതൽ 50 സെന്റീമീറ്റർ വരെമാത്രം നീളമുള്ളവയാണ് ഇതെല്ലാം. ഒന്നരലക്ഷം രൂപവരെ വിലയുണ്ട് ഓരോന്നിനും. പെട്രോൾ, നൈട്രജൻ, ബാറ്ററി എൻജിനുകളിൽ പ്രവർത്തിക്കുന്ന 40 ലേറെ കാറുകളുണ്ട് ശേഖരത്തിൽ.

സൗദിയിൽ മൊബൈൽ ഷോപ്പ് നടത്തുന്നതിനിടെയാണ് ആദ്യ കാർ സ്വന്തമാക്കിയത്. 2018ൽ നാട്ടിലേക്ക് മടങ്ങി. ഗൾഫി​ൽനി​ന്നും അമേരി​ക്കയി​ൽ നി​ന്നുമൊക്കെ ഓൺ​ലൈനായാണ് വാങ്ങുന്നത്. കേരളത്തിലും പുറത്തും നടക്കുന്ന ചാമ്പ്യൻഷിപ്പുകളിലെ സമ്മാനത്തുകയും മൊബൈൽ ഷോപ്പിലെ വരുമാനവും കൊണ്ടാണ് ഇവ സ്വന്തമാക്കുന്നത്. ഇരുപതിലേറെ പഴയ കാറുകൾ വിറ്റിട്ടുണ്ട്.

റിമോട്ട് കൺട്രോൾ മെക്കാനിക്ക് കൂടിയായതിനാൽ അറ്റകുറ്റപ്പണികൾ തനിയെ ചെയ്യും. 'ആർ.സി കാർ കേരള' എന്ന പേരിൽ കുഞ്ഞൻ കാറുടമകളുടെ കൂട്ടായ്മയിൽ അംഗമാണ്. 35കാരനായ ഇസ്ലുവാണ് കൂട്ടായ്മയിലെ കുഞ്ഞൻ. ആഫിയ അലിയാണ് ഭാര്യ. മക്കൾ: ലുക്മാൻ, മറിയം.

 ആർ.സി ചാമ്പ്യൻ

കേരളം, മുംബയ്, ബംഗളൂരു ചാമ്പ്യൻഷിപ്പുകളിൽ ബഗ്ഗി, മോൺസ്റ്റർ വിഭാഗങ്ങളിൽ ചാമ്പ്യനാണ്. നാഷണൽ ചാമ്പ്യൻഷിപ്പിന്റെ മൈസൂരിൽ നടന്ന ആദ്യ റേസിൽ വി​ദേശി​കൾ ഉൾപ്പടെ 60പേരെ മറികടന്ന് വിജയിച്ചു. രണ്ടും മൂന്നും ഘട്ടങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണിപ്പോൾ. കേരളത്തിന് പുറത്താണ് ചാമ്പ്യൻഷിപ്പുകൾ അധികവും. സാധാരണ കാർ റേസിംഗ് ട്രാക്കിന്റെ മിനിയേച്ചർ രൂപത്തിലാണ് മത്സരം. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ.

 കുഞ്ഞൻകാർ വില (രൂപയിൽ)

ഇ-ബഗ്ഗി -1,50,000

ഡി.ബി.എക്സ്.എൽ -1,50,000

ക്രൗളിംഗ് -1,50,000

ബാഹ- 1,50,000

ഹൗളർ- 80,000

ബ്രോങ്കോ-70,000

ഡിഫെൻഡർ- 65,000

മറ്റുള്ളവ - 30,000

''വീട്ടുകാരുടെ പി​ന്തുണയാണ് ശക്തി​. കൂടുതൽ കാറുകൾ സ്വന്തമാക്കണമെന്നാണ് ആഗ്രഹം.

-ഇസ്ലു ഇബ്രാഹിം

Advertisement
Advertisement