ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലം : ദേശീയ തലത്തിൽ ആദ്യ രണ്ട് , മൂന്ന് റാങ്ക് കേരളത്തിന്

Monday 18 July 2022 12:04 AM IST

കേരളത്തിന് 100 ശതമാനം വിജയത്തിളക്കം


ന്യൂഡൽഹി/ തിരുവനന്തപുരം: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കേരളത്തിലെ മിടുക്കികൾ ദേശീയ തലത്തിൽ രണ്ടും, മൂന്നും റാങ്ക് കരസ്ഥമാക്കി. ദേശീയ തലത്തിൽ വിജയശതമാനം 99.97. പരീക്ഷ എഴുതിയ 7823 പേരും വിജയികളായ

കേരളത്തിൽ വിജയ ശതമാനം 100 ആണ്.

തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ എസ്.ജെ ആതിരയ്ക്കാണ് രണ്ടാം റാങ്ക് (500ൽ 498 മാർക്ക്). അതേ സ്കൂളിലെ ഗൗരി അരുണിന് (497) മൂന്നാം റാങ്കും. സംസ്ഥാനതലത്തിൽ

യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും ഇവർക്കാണ്. സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് ഇതേസ്കൂളിലെതന്നെ വിഷ്ണു വി. പ്രഭുവിന് (496).

ദേശീയ തലത്തിൽ നാലുപേർ ഒന്നാം റാങ്ക് പങ്കിട്ടു. ഇതിൽ മൂന്നുപേരും യു.പിയിൽ നിന്നാണ്. 99.8 ശതമാനം മാർക്കോടെ കാൺപൂർ ഫീലിംഗ് ഹൗസ് സ്കൂളിലെ അനിക ഗുപ്ത, ബൽറാം പൂരിലെ ജീസസ് ആന്റ് മേരി സ്കൂൾ ആന്റ് കോളേജിലെ പുഷ്കർ ത്രിപാഠി, കാൺപൂരിലെ സിറ്റി മോൺണ്ടിസോറി സ്കൂളിലെ കനിഷ്ക മിത്തൽ, മഹാരാഷ്ട്രയിലെ പൂനെ സെന്റ് മേരീസ് സ്കൂളിലെ ഹർഗുൺ കൗർ മാതരു എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്.


രണ്ടു സെമസ്റ്ററുകളായാണ് പരീക്ഷ നടന്നത്.ഫലം വെബ്സൈറ്റിലും എസ്.എം.എസ്ആയും അറിയാം. ജൂലായ് 17 മുതൽ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാം. ഫലമറിയാൻ www.cisce.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എസ്.എം.എസായി ഫലമറിയാൻ വിദ്യാർത്ഥിയുടെ ഏഴക്ക രജിസ്റ്റർ നമ്പർ ICSE ( സ്‌പേസ് ) എന്ന ഫോർമാറ്റിൽ 092 48082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. ഫലം പുന:പരിശോധിക്കാനുള്ള അപേക്ഷ വെബ്സൈറ്റ് വഴി നൽകാം. ഒരു വിഷയത്തിന് 1,000 രൂപയാണ് ഫീസ് .

Advertisement
Advertisement