ബി. അശോകിനെ മാറ്റാൻ കളിച്ചത് കരാർ ലോബി, കെ.എസ്.ഇ.ബിയെ കൊള്ളയടിക്കുന്ന കരാറിനെ ചെറുത്തു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് 1000 കോടി രൂപയിലേറെ നഷ്ടമുണ്ടാക്കുന്ന അനധികൃത ദീർഘകാല കരാറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി നിലപാട് കടുപ്പിച്ചതാണ് കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് ബി.അശോകിനെ പൊടുന്നനെ മാറ്റിയതിനു പിന്നിലെന്ന് സൂചന.
കരാർ ലോബിയാണ് ഇതിനുപിന്നിൽ കളിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതിവാങ്ങാനുള്ളതാണ് കരാർ.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് ഒപ്പുവച്ചതാണെങ്കിലും അണിയറയിൽ ചരടുവലിച്ചത് ഇടതുമുന്നണിയോട് ആഭിമുഖ്യം പുലർത്തുന്നവരായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും വിവാദനായകനുമായ എം.ശിവശങ്കറായിരുന്നു അന്ന് ബോർഡ് ചെയർമാൻ. വൈദ്യുതി കരാർ നിയന്ത്രണാധികാരി ഇടത് അനുകൂല അസോസിയേഷന്റെ പ്രമുഖ നേതാവായിരുന്നു.
വൈദ്യുതി റെഗുലേറ്ററി കമ്മിഷനോ നിയമവകുപ്പോ കേന്ദ്രസർക്കാരോ
ഇതുവരെ അംഗീകരിക്കാത്ത കരാർ ഒന്നാം പിണറായി സർക്കാർ റദ്ദാക്കിയില്ലെന്ന് മാത്രമല്ല, വൈദ്യുതി വാങ്ങുകയും ചെയ്തു. അംഗീകാരമില്ലാത്ത കരാർപ്രകാരം 2018 മുതൽ 2020വരെ വൈദ്യുതിവാങ്ങിയത് ക്രമക്കേടാണെന്നും 234.40കോടിയുടെ നഷ്ടമുണ്ടാക്കിയതിന് ഉത്തരവാദികളായവർക്കെതിരെ സർക്കാരും ബോർഡും നടപടിയെടുക്കണമെന്നും കഴിഞ്ഞവർഷം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടിരുന്നു. നടപടി ആവശ്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു അശോക്. ഇതിനായി സർക്കാരിന് നാേട്ടും നൽകി. നഷ്ടമുണ്ടാക്കുന്ന ഒരിടപാടും തുടരേണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും നിലപാടെടുത്തു.
സർക്കാർ പ്രശ്നം പഠിക്കാൻ നിയമ,വൈദ്യുതി,ധനവകുപ്പ് സെക്രട്ടറിമാരുടെ സമിതിയെ നിയോഗിച്ചു.കരാർ റദ്ദാക്കാൻ സർക്കാരിന് നിയമപരമായ അധികാരമുണ്ടെന്നും അല്ലെങ്കിൽ സംസ്ഥാനത്തിന് 800 കോടിയുടെ നഷ്ടമുണ്ടാകുമെന്നും കഴിഞ്ഞ ഡിസംബറിൽ സമിതി ശുപാർശ ചെയ്തു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. എന്നാൽ ഫയൽ ഇതുവരെ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയില്ല.
റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയാൽ കരാർ തുടരാനാകുമെന്ന് കരാർ ലോബിക്ക് അറിയാം. വിസമ്മതിച്ച റെഗുലേറ്ററി കമ്മിഷൻ ചെയർമാന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഈ പദവിയിലേക്ക് കരാറിനെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥനെ കൊണ്ടുവരാനാണ് ശ്രമം. ഇതിനു പുറമേ, മൂന്നംഗ റെഗുലേറ്ററി കമ്മിഷനിൽ അംഗത്തിന്റെ ഒഴിവിലേക്ക് വിവാദകരാർ ഒപ്പുവയ്ക്കാൻ ഒത്താശ ചെയ്ത ഇടതു അനുകൂല സംഘടനാനേതാവിനെയും പരിഗണിക്കുന്നുണ്ട്. അഞ്ചുപേരുടെ അന്തിമലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ട്. കരാറിനെ അനുകൂലിക്കുന്നവർ കമ്മിഷനിൽ എത്തുന്നതുവരെ വിഷയം പൊന്തിവരാതിരിക്കാനാണ് അശോകിനെ മാറ്റിയത്. കരാറിനെതിരെ നിലപാടെടുത്തതിന് ഇളങ്കോവനും മുമ്പ് ചെയർമാൻ സ്ഥാനത്തുനിന്ന് സമാനരീതിയിൽ പുറത്തായിരുന്നു.
കരാറിലെ ക്രമക്കേട്
1. വൈദ്യുതിക്ക് വ്യത്യസ്ത നിരക്ക്: 29/12/2014ൽ ജിൻഡാൽ കമ്പനിയുമായി ഒപ്പുവച്ച രണ്ടു കരാർ പ്രകാരം 200മെഗാവാട്ടിന് 3.60രൂപയും 150മെഗാവാട്ടിന് 4.29രൂപയും.രണ്ടിലും ഒപ്പിട്ടത് ഒരേ ചീഫ് എൻജിനീയർ.
2. കൽക്കരിക്ക് ചൂട് കൂടിയാൽ അധിക വില: യുക്തിയില്ലാത്ത നിബന്ധന.2332 ഫാരൻഹീറ്റിൽ വൈദ്യുതി ഉണ്ടാക്കുന്ന ജാബുവ പവർ കമ്പനിക്ക്, കൽക്കരിക്ക് അതിൽകൂടുതൽ ചൂട് ഉപയോഗിച്ചെന്നു പറഞ്ഞാൽ അധിക വില നൽകാൻ വ്യവസ്ഥ. വാങ്ങുന്നത് 600 മെഗാവാട്ട്. 450കോടി അധികം കൊടുക്കാൻ സമ്മതം. ഇത്തരത്തിൽ നിരവധിക്രമക്കേടുണ്ട്.
പിഴിയാൻ കേസും
#ഒപ്പുവച്ച് വൈദ്യുതി വാങ്ങിയതിനാൽ, കരാറിന് അനുമതി നൽകാതിരുന്ന റെഗുലേറ്ററി കമ്മിഷൻ നടപടിയിലൂടെ നഷ്ടമായ ഫ്യുവൽ സർചാർജ് ചോദിച്ച് ജാബുവ പവർ സുപ്രീംകോടതിയിൽ.വിധി അനുകൂലമായാൽ 900കോടി നൽകേണ്ടിവരും
# കൽക്കരിക്ക് അധിക നിരക്ക് ചോദിച്ച്
സുപ്രീംകോടതിയിൽ കേസ്. വിധി അനുകൂലമായാൽ 93കോടി പിഴയും 450കോടി ചാർജും നൽകേണ്ടിവരും
#ഫ്യുവൽ സർചാർജ്, ഫിക്സഡ്ചാർജ് എന്നിവ നിർണയിച്ച രീതിക്കെതിരെ കേന്ദ്രറെഗുലേറ്ററി കമ്മിഷനിൽ പരാതിയുണ്ട്. വിധി കമ്പനിക്ക് അനുകൂലമായാൽ 164.85കോടി നൽകേണ്ടിവരും.