തൈരിനും സംഭാരത്തിനും മിൽമ മൂന്നു രൂപ കൂട്ടി

Monday 18 July 2022 12:33 AM IST

തിരുവനന്തപുരം: അഞ്ചു ശതമാനം ജി.എസ്.ടി ഇന്ന് മുതൽ ഈടാക്കുന്ന പശ്ചാത്തലത്തിൽ മിൽമയുടെ മൂന്ന് ഉത്പന്നങ്ങൾക്ക് വിലകൂട്ടി. പാൽ വിലയിൽ മാറ്റമില്ല. തൈരിനും സംഭാരത്തിനും അര ലിറ്ററിന് മൂന്നു രൂപ കൂട്ടിയപ്പോൾ, ലസ്സിയുടെ അളവ് കുറച്ച് വില ക്രമീകരിച്ചു.

തൈര് അര ലിറ്റർ പാക്കറ്രിന് 27 രൂപ ആയിരുന്നത് 30 ആയി. സംഭാര വില ഏഴിൽ നിന്ന് പത്തായി. 200 ഗ്രാം കപ്പ് തൈരിന്റെ വില 28 രൂപയിൽ നിന്ന് 30 ആയി. 400 ഗ്രാം കപ്പിന് 54 രൂപ ആയിരുന്നത് 60 രൂപയായി. 200 ഗ്രാം ലസ്സിക്ക് 20 രൂപയായിരുന്നത് ഇനി 180 ഗ്രാമിന് 20 രൂപ നൽകണം. ടോൺഡ് തൈരിന് അഞ്ചുരൂപ കൂടി. മിൽമയുടെ മറ്റു ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല.

കടകളിൽ നിലവിലെ ശേഖരത്തിന് പാക്കറ്റിലുള്ള വില നൽകിയാൽ മതി. ഇന്ന് മുതൽ പാക്ക് ചെയ്യുന്നവയിൽ പുതുക്കിയ വില രേഖപ്പെടുത്തിയാകും എത്തിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.

Advertisement
Advertisement