ക്രിസ്‌തു സന്നിധിയിൽ രാമായണ ശീലുകൾ ചൊല്ലി പാറയ്‌ക്കലച്ചൻ

Monday 18 July 2022 2:47 AM IST
റവ. ഡോ. തോമസ് പാറയ്ക്കൽ രാമായണം പാരായണം ചെയ്യുന്നു

പാലാ: കർക്കടകപ്പുലരിയിൽ യേശുക്രിസ്‌തുവിന്റെ സന്നിധിയിൽ രാമായണ ശീലുകൾ മുഴങ്ങി,​ രാമായണത്തിൽ ഡോക്ടറേറ്റ് എടുത്ത പാറയ്‌ക്കലച്ചന്റെ ഈണമുള്ള സ്വരത്തിൽ... 'ശ്രീ രാമ രാമ രാമ, ശ്രീരാമ ചന്ദ്ര ജയ...'

പാലാ ഗുഡ്‌ഷെപ്പേർഡ് സെമിനാരിയിലെ ആത്മീയ ഡയറക്‌ടറായ റവ. ഫാ.തോമസ് പാറയ്‌ക്കൽ പാലാ രൂപതയിലെ പ്രമുഖ വൈദികശ്രേഷ്ഠനും പരിശീലകനുമാണ്. കർക്കടകത്തിൽ മാത്രമല്ല തോന്നുമ്പോഴെല്ലാം രാമായണമെടുത്ത് 67 കാരനായ പാറയ്ക്കലച്ചൻ ഉറക്കെ വായിക്കും,​ ക്രൂശിതരൂപത്തിനു മുന്നിലിരുന്ന്. അലമാരയിൽ ബൈബിളിന്റെ തൊട്ടടുത്ത് രാമായണവുമുണ്ട്.

രാമായണത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച അത്യപൂർവ്വം വൈദികരിൽ ഒരാളാണ് പാറയ്‌ക്കലച്ചൻ. രാമായണ നാടകങ്ങളിലായിരുന്നു ഗവേഷണം. രാമായണവും അതിനെ അടിസ്ഥാനമാക്കി മലയാളത്തിൽ പ്രസിദ്ധീകരിച്ച 56 നാടകങ്ങളും ആഴത്തിൽ പഠിച്ചു. കോട്ടയ്‌ക്കൽ ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി.എസ് വാരിയർ എഴുതിയ പ്രസിദ്ധീകരിക്കാത്ത രാമായണ നാടകത്തിന്റെ കൈയെഴുത്തു പ്രതിയും പഠന വിധേയമാക്കി. 'രാമായണ നാടകപര്യടനം' എന്ന പി. എച്ച്ഡി പ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിച്ചു.

കോളേജ് പഠനകാലത്താണ് പാറയ്‌ക്കലച്ചന് രാമായണം ഹരമായത്. മലയാളം ക്ലാസിൽ രാമായണം അടിസ്ഥാനമാക്കിയുള്ള നാടകം പഠിക്കാനുണ്ടായിരുന്നു. ഗുരുവായിരുന്ന ഡോ.ഡി.ബഞ്ചമിന്റെ നിർദ്ദേശപ്രകാരം ഡോ.എം.ഗോപാലകൃഷ്ണൻ നായരുടെ കീഴിലാണ് രാമായണ നാടകങ്ങളിൽ ഗവേഷണം നടത്തിയത്.

പഠനശേഷം കുറവിലങ്ങാട് ദേവമാതാ കോളേജിൽ മലയാളം അദ്ധ്യാപകനായി. വിവിധ സെമിനാരികളിലും അദ്ധ്യാപകനായിരുന്നു. കാത്തലിക് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിന്റെ സംസ്ഥാന ഡയറക്ടറുമായിരുന്നു. ബൈബിൾ വചനങ്ങളും ക്രൈസ്തവ വിശുദ്ധരുടെ ജീവിതവും ആസ്പദമാക്കി 15 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റക്കര കരിമ്പാനി പാറയ്ക്കൽ പരേതരായ കുര്യാക്കോസ് തോമസിന്റെയും മറിയം തോമസിന്റെയും മകനാണ്.

'' ഒരു ഇതിഹാസം എന്ന നിലയിൽ സർവ ജീവജാലങ്ങൾക്കും വഴികാട്ടിയാണ് രാമായണം.

- റവ. ഡോ. തോമസ് പാറയ്ക്കൽ

Advertisement
Advertisement