സത്രം എയർ സ്ട്രിപ്പ്: റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു

Monday 18 July 2022 3:19 AM IST

മണ്ണിടിച്ചിൽ ഉണ്ടായ വണ്ടിപ്പെരിയാർസത്രം എയർ സ്ട്രിപ്പിന്റെ റൺവേ

ഇടുക്കി: വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്റെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗമാണ് ഒലിച്ചു പോയത്. റൺവേയുടെ വലത് ഭാഗത്ത് നൂറു മീറ്ററിലധികം നീളത്തിൽ 150 അടിയോളം താഴ്ചയിലേക്കാണ് ഇന്നലെ രാത്രി മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് സത്രത്തിലെ എയർ സ്ട്രിപ്പിലെ മണ്ണിടിച്ചിലിന് കാരണമായത്. ഇടിഞ്ഞ് പോയതിന്റെ ബാക്കി ഭാഗത്ത് ടാറിംഗിന് വലിയ വിള്ളലും വീണിട്ടുണ്ട്. കനത്ത മഴ പെയ്താൽ ഈ ഭാഗവും ഇടിഞ്ഞ് ഗർത്തത്തിലേക്ക് പതിക്കും.

എൻ.സി.സിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. നിർമ്മാണത്തില അപാകതയാണ് മണ്ണിടിച്ചിലുണ്ടാകാൻ കാരണമായതെന്നാണ് വിവരം.കുന്നിടിച്ചു നിരത്തി നിർമിച്ച് റൺവേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിർമ്മിച്ചില്ല. മഴ പെയ്ത് മുമ്പ് ഈ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇത് തടുക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ചെയ്തിരുന്നില്ല. റൺവേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. ഇങ്ങനെ വെള്ളം കെട്ടിക്കിടന്നതാണ് മണ്ണിടിച്ചിലിന് കാരണമായത്.

Advertisement
Advertisement