വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ച യാത്രാ വിലക്ക്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും വിലക്കേർപ്പെടുത്തി ഇൻഡിഗോ
തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് മൂന്നാഴ്ച യാത്രാവിലക്ക്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്കേർപ്പെടുത്തിയത്.
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ച വിലക്കേർപ്പെടുത്തി. ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. അന്വേഷണ സമിതി ഇ പി ജയരാജനിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. അതേസമയം തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ജയരാജൻ പ്രതികരിച്ചു.
ജൂൺ പന്ത്രണ്ടിന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്‌ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ എന്നിവരാണ് വിമാനത്തിൽ പ്രതിഷേധിച്ചത്. ഇവരെ ജയരാജൻ തള്ളിയിട്ടിരുന്നു.