കനത്ത മഴയിൽ ഇടുക്കി എയർസ്ട്രിപ്പിന്റെ റൺവേ ഇടിഞ്ഞു; മണ്ണിടിഞ്ഞത് 150 അടി താഴ്ചയിലേയ്ക്ക്

Monday 18 July 2022 11:19 AM IST

ഇടുക്കി‌: അതിശക്തമായ മഴയെ തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്റെ റൺവേ ഇടിഞ്ഞു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗമാണ് ഇടിഞ്ഞത്. 100 മീറ്ററോളം നീളത്തിൽ 150 അടി താഴ്ചയിലേയ്ക്കാണ് മണ്ണിടിഞ്ഞത്.

കനത്ത മഴയെത്തുടർന്ന് 2018ലും ഇവിടെ ചെറിയരീതിയിൽ മണ്ണിടിഞ്ഞിരുന്നു. ഇതിനോട് ചേർന്നുള്ള ഭാഗത്താണ് ഇപ്പോൾ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണൊലിപ്പ് തടയാൻ പുല്ല് വച്ചുപിടിപ്പിക്കാന്‍ കരാര്‍ നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിച്ചതിനാല്‍ പണികള്‍ നടന്നിരുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. എൻസിസി കേഡറ്റുകൾക്ക് ചെറുവിമാനം ഇറക്കാനുള്ള എയര്‍സ്ട്രിപ്പ് പദ്ധതിക്കായി പന്ത്രണ്ട് കോടി രൂപയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. ഇനിയും കോടികൾ ചെലവഴിച്ചാൽ മാത്രമേ മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി റൺവേ പഴയ നിലയിലാക്കാൻ സാധിക്കൂ.

Advertisement
Advertisement