വിദ്യാർത്ഥിനിയിൽ നിന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ല; അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തുന്നത് അനുവദനീയമല്ലെന്ന് എൻ ടി എ

Tuesday 19 July 2022 8:33 AM IST

കൊല്ലം: ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ). പരീക്ഷ നടന്ന സമയത്തോ അതിനുശേഷമോ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും എൻ ടി എ പ്രതികരിച്ചു.

അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ലെന്ന് എൻ ടി എ വ്യക്തമാക്കി. സംഭവം അറിഞ്ഞയുടൻ പരീക്ഷ കേന്ദ്രത്തിലുണ്ടായിരുന്നവരിൽ നിന്ന് വിവരം തേടി. പരീക്ഷ കേന്ദ്രത്തിലെ സൂപ്രണ്ടും, നീരീക്ഷകരും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയിട്ടില്ലെന്നും ആരോപണം തെറ്റായ ഉദ്ദേശ്യത്തോടെയാണെന്നുമാണ് പരീക്ഷാകേന്ദ്രം സൂപ്രണ്ട് നൽകുന്ന വിശദീകരണം. അതേസമയം, പരിശീലനം കിട്ടാത്തവരാണ് വിദ്യാർത്ഥികളെ പരിശോധിച്ചതെന്നും ഇവരെയും കോളേജ് ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.