തീരദേശ ട്രെയിനുകൾ ഇനിയുമകലെ ഹാൾട്ട് സ്റ്റേഷനുകളിൽ പലതിലും പാസഞ്ചറുകൾക്ക് സ്റ്റോപ്പില്ല

Wednesday 20 July 2022 12:29 AM IST

കൊച്ചി: ട്രെയിൻ സർവീസ് സാധാരണ നിലയിലായിട്ടും ആലപ്പുഴ റൂട്ടിലെ യാത്രക്കാരുടെ ദുരിതം തുടരുന്നു. തിരുവിഴ, തുമ്പോളി, കലവൂർ, എഴുപുന്ന തുടങ്ങിയ ഹാൾട്ട് സ്റ്റേഷനുകളിൽ പാസഞ്ചറുകൾക്ക് ഇപ്പോഴും സ്റ്റോപ്പില്ല. യാത്രക്കാർ ട്രെയിൻ പിടിക്കുന്നതിന് മണിക്കൂറുകൾ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.

രാവിലെ 7.25 ന് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന മെമുവിന് മാരാരിക്കുളം, ചേർത്തല, തുറവൂർ, കുമ്പളം എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ്. രാത്രി 8.10നുള്ള എറണാകുളം- ആലപ്പുഴ പാസഞ്ചറിനും സ്റ്റോപ്പുകൾ കുറവാണ്. ഏറ്റവും വലയുന്നത് വനിതാ യാത്രക്കാരാണ്. സമയനഷ്‌ടം മാത്രമല്ല, ഒപ്പം ധനനഷ്ടവും. വൈകിട്ട് ആറിന് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചറിന് എഴുപുന്ന, തിരുവിഴ ഒഴികെയുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ളത് ആശ്വാസമാണുതാനും.

 തൃശൂർ പാതയിൽ

ഹാൾട്ട് സ്റ്റേഷനുകൾ പുനരാരംഭിച്ചു

നടത്തിപ്പിന് ഏജന്റുമാരെ ലഭിച്ചതോടെ എറണാകുളം -തൃശൂർ പാതയിലെ ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. തീരദേശത്തെ ഹാൾട്ട് സ്റ്റേഷനുകളിലേക്ക് പലവട്ടം ടെൻഡർ ക്ഷണിച്ചിട്ടും ഏറ്റെടുക്കാൻ ആളില്ലെന്ന് റെയിൽവേ അധികൃതർ പറയുന്നു.

 വരുമാനം കുറഞ്ഞു

സ്റ്റേഷൻ നിർത്തലാക്കുന്നതിന്റെ ആദ്യപടിയായാണ് വരുമാനം കുറഞ്ഞ റെയിൽവേ സ്റ്റേഷനുകളിൽ അഞ്ചുവർഷത്തേക്ക് ഹാൾട്ട് ഏജന്റുമാരെ നിയമിക്കുന്നത്. 2019 മുതലുള്ള സമ്പ്രദായമാണിത്. യാത്രക്കാർ കൂടുതലായി ഓൺലൈൻ ടിക്കറ്റിനെ ആശ്രയിക്കുന്നതും സീസൺ ടിക്കറ്റുകൾക്കുൾപ്പെടെ റെയിൽവേയുടെ ആപ്പ് ഉപയോഗിക്കുന്നതും കാരണം വരുമാനം തീരെ ഇല്ലാതായ സ്റ്റേഷനുകളാണ് ഹാൾട്ട് ഏജന്റുമാരെ ഏൽപ്പിക്കുക.

ഏജന്റുമാർ ഇല്ലാത്ത പക്ഷം സ്റ്റേഷനുകളിൽ ക്രമേണ സ്റ്റോപ്പ് കുറയ്ക്കും. സ്റ്റേഷൻ മാസ്റ്റർ, കൊമേഴ്‌സ്യൽ ക്ലാർക്ക് അല്ലെങ്കിൽ എൻക്വയറി കം റിസർവേഷൻ ക്ലാർക്ക് എന്നീ തസ്തികകളാണ് ചെറിയ റെയിൽവേ സ്റ്റേഷനുകളിൽ ഉള്ളത്. കൊമേഴ്‌സ്യൽ ക്ലാർക്ക്, എൻക്വയറി കം റിസർവേഷൻ ക്ലാർക്ക് എന്നീ തസ്തികകളിലുള്ളവരെ മറ്റു സ്റ്റേഷനുകളിലേക്കും മറ്റു ചുമതലകളിലേക്കും മാറ്റി നിയമിക്കും. സ്റ്റേഷൻ നിർത്തലാക്കുന്നതു വരെ സ്റ്റേഷൻ മാസ്റ്റർ തുടരും.

 പത്താം ക്ലാസ്

പാസാകണം

അതതു സ്റ്റേഷൻ പ്രദേശത്തെ സ്ഥിരതാമസക്കാരായ, പത്താം ക്ലാസ് വിജയിച്ചവർക്കാണ് ഹാൾട്ട് ഏജന്റായി കരാർ നൽകുക. ഇവർ റെയിൽവേയ്ക്കു നിശ്ചിത തുക മുൻകൂർ നൽകണം. പരിശീലനം റെയിൽവേ നൽകും. പുതിയ ജീവനക്കാരെ നിയമിക്കുന്നതിലൂടെയുള്ള ചെലവും ജോലി കുറഞ്ഞ ജീവനക്കാരെ പുനർവിന്യസിക്കുന്നതിലൂടെയുള്ള വരുമാന നേട്ടവുമാണ് ലക്ഷ്യം.

Advertisement
Advertisement