പ്രാഥമിക പരീക്ഷകൾ മുടങ്ങിയവർക്ക് തുല്യഅവസരം പി.എസ്.സി നൽകിയില്ല

Wednesday 20 July 2022 12:00 AM IST

തിരുവനന്തപുരം: പത്താം ക്‌ളാസ് യോഗ്യതയുള്ളവർക്കായി അടുത്തിടെ ആറു ഘട്ടമായി നടത്തിയ പരീക്ഷകളിൽ അവസാനത്തെ രണ്ടുഘട്ട പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകണമെന്ന ആവശ്യം പി.എസ്.സി അംഗീകരിക്കാത്തതിൽ ഉദ്യോഗാർത്ഥികൾക്ക് കടുത്ത ആശങ്ക.

കഴിഞ്ഞ തവണ ഘട്ടംഘട്ടമായി നടത്തിയ ഇതേ പരീക്ഷ പൂർത്തിയായശേഷം എഴുതാൻ കഴിയാത്തവർക്കായി വീണ്ടും പരീക്ഷ നടത്തിയിരുന്നു. ഇക്കുറി ആദ്യഘട്ടങ്ങളിൽ എഴുതാതിരുന്നവർക്ക് അവസാന ഘട്ടമായി നടത്തിയ ആറാമത്തെ പരീക്ഷയിൽ അവസരം കൊടുത്തു. ഏകദേശം 2000 പേർക്കാണ് ഇങ്ങനെ എഴുതാനായത്.

എന്നാൽ, ജൂലായ് രണ്ടിനു നടന്ന അഞ്ചാം ഘട്ട

പരീക്ഷയിലും ജൂലായ് 16ന് നടന്ന അവസാനഘട്ട പരീക്ഷയിലും ഇതേ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പുതിയൊരു അവസരം നൽകിയില്ല. ഇതു തുല്യനീതിയുടെ നിഷേധമെന്നാണ് ഉദ്യോഗാർത്ഥികളുടെ വാദം.

സർവകലാശാല പരീക്ഷ, രോഗം, അപകടം, പ്രസവം എന്നീ കാരണങ്ങളാൽ പരീക്ഷ മുടങ്ങിയവർക്കാണ് അവസരം കൊടുത്തത്. ഇതിനായി ജൂൺ 24നകം രേഖകൾ അടക്കം അപേക്ഷിക്കണമായിരുന്നു.
ജൂലായ് രണ്ടിലെ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജൂൺ 24ന് അറിയിക്കണമെന്ന വിചിത്ര നിലപാടും പി.എസ്.സി സ്വീകരിച്ചിരുന്നു.

ഇതിനുപുറമേ, ഘട്ടങ്ങളായി നടത്തുന്ന പരീക്ഷകളിലെ മാർക്ക് സമീകരണവും യുക്തി രഹിതമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ചോദ്യങ്ങൾ ചില പരീക്ഷയ്ക്ക് കടുപ്പവും മറ്റുചിലതിൽ ലളിതവുമായിരുന്നു. ഓരോ പരീക്ഷയുടെയും കാഠിന്യം അനുസരിച്ച് അതതിനു മാത്രമായി കട്ട് ഒഫ് മാർക്ക് നിശ്ചയിക്കണമെന്നാണ് ആവശ്യം. അല്ലെങ്കിൽ കടുപ്പമേറിയ പരീക്ഷ എഴുതിയവർ ഒന്നടങ്കം ലിസ്റ്റിൽ നിന്ന് പുറത്താവും.


`കൺഫർമേഷൻ നൽകിയശേഷം ആദ്യത്തെ അഞ്ചുഘട്ട പരീക്ഷയിൽ മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് മാത്രമാണ് അവസാന പരീക്ഷയിൽ അവസരം നൽകിയത്. അവസാന ഘട്ട പരീക്ഷ നടത്തിക്കഴിഞ്ഞാൽ, മറ്റൊരു അവസരം ആർക്കും നൽകാൻ കഴിയില്ല. കഴിഞ്ഞ തവണ അവസരം ഒരുക്കിയത് കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്താണ്.'

-എം.കെ. സക്കീർ
പി.എസ് .സി ചെയർമാൻ

Advertisement
Advertisement