കിഫ്ബിബോണ്ട് കേന്ദ്രാന്വേഷണം രാഷ്ട്രീയ താത്പര്യം: കെ.എൻ. ബാലഗോപാൽ

Wednesday 20 July 2022 12:00 AM IST

തിരുവനന്തപുരം: കിഫ്ബിയുടെ പേരിൽ അന്വേഷണം നടത്താനും കേസെടുക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനുപിന്നിൽ സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള രാഷ്ട്രീയതാത്പര്യങ്ങളുമുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ധനബില്ലിന്മേലുള്ള ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്രതലത്തിൽ കൊവിഡിനുശേഷമുണ്ടായ സാമ്പത്തിക മാന്ദ്യം അമേരിക്കയെപ്പോലും ബാധിച്ചിട്ടുണ്ട്. നിക്ഷേപ പലിശ പൂജ്യത്തിൽ നിന്ന് മൂന്നേകാൽ ശതമാനമായി കൂട്ടാൻ അവർ നിർബന്ധിതരായി. ഇതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് അമേരിക്കൻ ഡോളർ പിൻവലിക്കുന്ന സാഹചര്യമാണുള്ളത്. ആഗോളതലത്തിൽ സംഭവിച്ച ഈ സാമ്പത്തികപ്രതിസന്ധി ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. ഇതു മറികടക്കാൻ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തിയതോടെ 12,000കോടിയും ധനകമ്മിഗ്രാൻഡിൽ 7,000കോടിയും വെട്ടിക്കുറച്ചത് അതിന്റെ ഭാഗമായാണ്. ഇനി ബഡ്‌ജറ്റിനു പുറത്തുള്ള വായ്പയുടെ പേരിൽ 14,​000 കോടിയുടെ വായ്പാഅവകാശവും കുറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയത്തിനുപരി സംസ്ഥാനതാത്പര്യം മുൻനിറുത്തി യോജിച്ച പോരാട്ടം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ട്രഷറിയിൽ പ്രതിസന്ധിയില്ല

സംസ്ഥാനത്ത് ട്രഷറിയിൽ പ്രതിസന്ധിയില്ലെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന സർഫാസി ആക്ട് പ്രകാരമുള്ള നടപടികൾ നിയന്ത്രിക്കാൻ ശ്രമിക്കും. ബാങ്കുകളുമായും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായും ചർച്ച നടത്തിയിരുന്നു. വാറ്റ് നികുതിയുടെ ഭാഗമായ ആംനസ്റ്റി നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് രണ്ടു ധനബില്ലുകളിലൊന്ന്. സംസ്ഥാനത്ത് 55,000കച്ചവടക്കാരാണ് കുടിശികയിലുള്ളത്. ഇവരിൽ നിന്ന് 13,693കോടിയാണ് കിട്ടാനുള്ളത്. ഇതിൽ 6,538കോടിയുടെ കുടിശിക പിരിക്കുന്നതിന് കോടതി സ്റ്റേ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് വരെ 682കോടി ഒത്തുതീർപ്പായി. ഇനി 2,313കോടിയാണ് പിരിച്ചെടുക്കാനാകുന്നത്. ഭൂനികുതിയുടെ വർദ്ധന നാമമാത്രമാണെന്നും മന്ത്രി പറഞ്ഞു.

ചർച്ചകളിൽ കെ. ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ.എ. നെല്ലിക്കുന്ന്, ഉമാതോമസ്, എൻ. ഷംസുദ്ദീൻ, സനീഷ് കുമാർ ജോസഫ്, എം.വിജിൻ, ആബിദ് ഹുസൈൻ തങ്ങൾ, സുജിത് വിജയൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement