സമൂഹ മാദ്ധ്യമങ്ങളിലെ ചതിക്കുഴികൾക്കെതിരെ ജാഗ്രതവേണം: വനിത കമ്മിഷൻ

Wednesday 20 July 2022 12:06 AM IST

പാലക്കാട്: സമൂഹ മാദ്ധ്യമങ്ങളിലെ ചതികുഴികൾക്കെതിരെ പെൺകുട്ടികൾ ജാഗ്രത കാണിക്കണമെന്ന് വനിത കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു. വനിത കമ്മിഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിലാണ് കമ്മിഷൻ അംഗം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കൗമാരക്കാരായ പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന സൗഹൃദങ്ങളെ തിരിച്ചറിയണം. ഒരാഴ്ചത്തെ സൗഹൃദത്തിൽ വീട്ടിൽ നിന്നും ആൺ സുഹൃത്തിനൊപ്പം പോയി വിവാഹിതയായ പെൺകുട്ടിക്ക് ഭർതൃവീട്ടിൽ പീഡനം അനുഭവിക്കേണ്ടിവന്നിരുന്നു. പെൺകുട്ടിയുടെ അച്ഛൻ വനിതാ കമ്മിഷനിൽ നൽകിയ പരാതി പരിഗണിച്ചാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തെ കമ്മിഷൻ ഗൗരവമായി കാണുന്നതായി വ്യക്തമാക്കി. പെൺകുട്ടിക്ക് ധൈര്യം കൊടുക്കുകയും ഈ കേസിൽ പെൺകുട്ടിക്കായി ആവശ്യമായതെല്ലാം കമ്മിഷൻ ചെയ്യുമെന്നും അംഗം അറിയിച്ചു.

മാട്രിമോണികൾ മുഖേന ഉണ്ടാകുന്ന വിവാഹങ്ങളിലും ഇത്തരത്തിൽ ചതികുഴികൾ ഉള്ളതായി കമ്മിഷന് പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിലും സ്ത്രീകൾ ജാഗ്രത പാലിക്കണമെന്ന് ഷിജി ശിവജി പറഞ്ഞു.

32 പരാതികളാണ് സിറ്റിംഗിൽ ആകെ ലഭിച്ചത്. അതിൽ ഒമ്പതെണ്ണം തീർപ്പാക്കുകയും അഞ്ചെണ്ണം വിവിധ വകുപ്പുകളിലേക്കും മൂന്നെണ്ണം കെൽസക്കും രണ്ടെണ്ണം തുടർനടപടികൾക്കായും കൈമാറി. 13 പരാതികൾ അടുത്ത അദാലത്തിലേക്ക് പരിഗണിക്കും.

Advertisement
Advertisement