കാൻസർ പെൻഷൻ 1000 രൂപ, മുടങ്ങിയിട്ട് എട്ടു മാസം

Wednesday 20 July 2022 12:15 AM IST

കണ്ണൂർ: കിട്ടുന്നത് ആയിരം രൂപ പെൻഷൻ. അതും മുടങ്ങിയിട്ട് എട്ടു മാസം. ജീവിതത്തിനും മരണത്തിനുമിടയിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന കാൻസർരോഗികൾക്കുള്ള പെൻഷനാണ് മുടങ്ങിയത്.

സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം പേരാണ് കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 60,000 പേർക്കാണ് പെൻഷൻ കിട്ടുന്നത്. നാലു വർഷമായി തൊണ്ടയിൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി പാളത്ത് രാഘവൻ പറയുന്നു: "മാസത്തിൽ ലഭിക്കുന്ന പെൻഷൻ തുക ഏറെ ആശ്വാസമായിരുന്നു. ഈ വർഷം ജനുവരിവരെ പെൻഷൻ ലഭിച്ചിരുന്നു. താലൂക്ക് ഓഫീസിൽ തിരക്കിയപ്പോൾ ഫണ്ടില്ലെന്നാണ് പറഞ്ഞത്. വീണ്ടും തിരക്കിയപ്പോൾ നാലു മാസത്തെ പെൻഷൻ പാസായിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ, ഇതുവരെയായി കൈയിൽ കിട്ടിയിട്ടില്ല"-

നിർദ്ധനനായ ഈ എൺപത്തിരണ്ടുകാരന് ‌മാസം അയ്യായിരത്തിനടുത്ത് രൂപ മരുന്നിനും ചികിത്സയ്ക്കും മാത്രമായി ചെലവാകുന്നുണ്ട്. മറ്റു പരിശോധനകളുണ്ടെങ്കിൽ അതിനും നല്ലൊരു തുക വേണം. തുച്ഛമാണെങ്കിലും പെൻഷൻ രാഘവനെപ്പോലെയുള്ളവർക്ക് വലിയ ആശ്വാസമാണ്.

കാൻസർ ബാധിതർക്ക് നൽകുന്ന പെൻഷൻ തുക ഉയർത്തണമെന്ന് പലതവണ ആവശ്യമുയർന്നതാണ്. മറ്റ് ക്ഷേമ പെൻഷനുകളെല്ലാം വർദ്ധിപ്പിച്ചിട്ടും എട്ടു വർഷമായി അർബുദ രോഗികളുടെ പെൻഷൻ തുക ആയിരത്തിൽ തന്നെ നിൽക്കുകയാണ്.

 ഓൺലൈനിൽ അപേക്ഷിക്കാം

ഒാൺലൈനായി നേരിട്ടോ അക്ഷയകേന്ദ്രങ്ങൾ വഴിയോ പെൻഷന് അപേക്ഷിക്കാം. ആധാർ കാർഡ്, റേഷൻ കാർഡ്, ആറു മാസത്തിനുള്ളിൽ ലഭ്യമായ മെഡിക്കൽ സർട്ടിഫിക്ക​റ്റ്, വരുമാന സർട്ടിഫിക്ക​റ്റ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളാണ് നൽകേണ്ടത്. കേരളത്തിലെ സ്ഥിരതാമസക്കാരായ ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള കാൻസർ രോഗികളാണ് അപേക്ഷിക്കേണ്ടത്. വിലാസം: village.kerala.gov.in

'സ്വന്തമായി തൊഴിൽ ചെയ്യാനും മറ്റും കഴിയാത്ത അവസ്ഥയിലാണ് രോഗികളിൽ ഭൂരിഭാഗവും. പ്രത്യേകിച്ച് പ്രായം ചെന്നവർ. പെൻഷൻ തുക കൃത്യമായി നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം".

- ഡി. കൃഷ്ണനാഥ പൈ,

പ്രസിഡന്റ്, മലബാർ കാൻസർ കെയർ സൊസൈറ്റി, കണ്ണൂർ

Advertisement
Advertisement