പോക്‌സോ കേസുകളിൽ പൊലീസിന് കൂടുതൽ കരുതൽ വേണം: ബാലാവകാശ കമ്മിഷൻ

Wednesday 20 July 2022 1:25 AM IST

മലപ്പുറം: പോക്‌സോ കേസുകളിൽ പൊലീസിന് കൂടുതൽ കരുതൽ വേണമെന്ന് ബാലാവകാശ കമ്മിഷൻ അംഗം അഡ്വ. ബബിത ബൽരാജ്. ജില്ലയിലെ പോക്‌സോ കേസുകൾ സംബന്ധിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ബബിത ബൽരാജ്. പോക്‌സോ കേസുകളിൽ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. എങ്കിലും പൊലീസും ഡോക്ടർമാരും കൂടുതൽ കാരുണ്യപൂർവം പെരുമാറണമെന്നും അവർ ഓർമ്മിപ്പിച്ചു. ബാലാവകാശം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസിനെ ഹനിക്കുന്ന യാതൊരു പെരുമാറ്റവും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് അദ്ധ്യക്ഷത വഹിച്ച കമ്മീഷൻ അംഗം സി. വിജയകുമാർ പറഞ്ഞു. ബാലാവകാശം സംബന്ധിച്ച നിയമങ്ങളിൽ വ്യക്തതയുണ്ടാക്കാൻ അദ്ധ്യാപകർക്ക് എസ്.സി.ആർ.ടി മുഖേന ബോധവത്കരണ ക്ലാസുകളും കൈപ്പുസ്തകവും നൽകും. പോക്‌സോ കേസുകളിൽ ഇടപെടുമ്പോൾ അവലംബിക്കേണ്ട മാർഗനിർദേശങ്ങൾ ഡോക്ടർമാർക്ക് നേരത്തേ തന്നെ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ ശക്തമായി ഇടപെടണം. മൂന്ന് മാസത്തിലൊരിക്കൽ ശിശുസംരക്ഷണ സമിതിയുടെ യോഗം ചേരണമെന്നും പോക്‌സോ കോടതികൾ കൂടുതൽ ബാലസൗഹാർദപരമാക്കാനുള്ള നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. നിർദേശങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷൻ അംഗങ്ങൾ അറിയിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ സി.ഡബ്ല്യു.സി ചെയർമാൻ എ. സുരേഷ്, ഡെപ്യൂട്ടി കളക്ടർ എം.സി റെജിൽ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീതാഞ്ജലി, സ്‌പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് ഡിവൈ.എസ്.പി കെ.സി ബാബു, ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി സി. ബിനുകുമാർ, നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ എ.എസ് ബൈജു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.പി അഹമ്മദ് അഫ്സൽ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ഷാജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സെയ്തലവി മങ്ങാട്ടുപറമ്പൻ, പോക്‌സോ കോടതി സ്‌പെഷൽ പ്രോസിക്യൂട്ടർ ഐഷ പി ജമാൽ സംസാരിച്ചു.

Advertisement
Advertisement