വാട്സാപ്പ് ഗ്രൂപ്പിൽ ആശയം പങ്കുവച്ചത് ഞാൻ തന്നെ, അതിൽ എന്താണ് തെറ്റെന്ന് ശബരീനാഥൻ; ചാറ്റ് പുറത്തായതിൽ യൂത്ത് കോൺഗ്രസിൽ ആഭ്യന്തര കലഹം

Wednesday 20 July 2022 7:58 AM IST

തിരുവനന്തപുരം: സാക്ഷിയായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. സർക്കാരിന്റെ കളിപ്പാവകളാണ് പൊലീസെന്നും അദ്ദേഹം വിമർശിച്ചു.

കേസ് കെട്ടിച്ചമച്ചതാണെന്നും യഥാർത്ഥത്തിൽ വധശ്രമക്കേസ് എടുക്കേണ്ടത് ഇ പി ജയരാജനെതിരെയാണെന്നും ശബരീനാഥൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം വാട്സാപ്പ് ഗ്രൂപ്പിൽ വിമാനത്തിൽ പ്രതിഷേധിക്കുകയെന്ന ആശയം പങ്കുവച്ചത് താൻ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'സ്വർണക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ നിരന്തരം സമരം ചെയ്തു. ആതിന്റെ ഭാഗമായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിവരുമ്പോൾ വിമാനത്തിൽ പ്രതിഷേധിക്കണമെന്നത് ഒരു ആശയമായി ഗ്രൂപ്പിൽ ഇട്ടത് ഞാൻ തന്നെയാണ്. അതിൽ തെറ്റെന്താണ്? എത് സമരം ചെയ്യുമ്പോഴും അതിന് ആഹ്വാനം ചെയ്യാനോ, തീരുമാനമെടുക്കാനോ ഒരാൾ കാണും. അത് ഞാൻ നിർദേശിച്ചുവെന്നേയുള്ളൂ. എന്നെപ്പോലുള്ളയൊരാൾക്ക് ഈ അവസ്ഥയാണെങ്കിൽ, ചെറിയ കേസ് ആരോപിക്കപ്പെടുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് ആലോചിക്കേണ്ടത്.'- ശബരീനാഥൻ വ്യക്തമാക്കി.


അതേസമയം, വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. സംസ്ഥാന പ്രസിഡന്റ് നടപടിയെടുക്കുന്നില്ലെന്ന് വിമർശിച്ച് 12 സംസ്ഥാന നേതാക്കൾ ദേശീയ പ്രസിഡന്റിന് കത്തയച്ചു.