നീറ്റ് പരീക്ഷ: അടിവസ്ത്രം അഴിപ്പിച്ച വികടബുദ്ധിയെ തൊടാതെ പൊലീസ്
കൊല്ലം: ആയൂർ മാർത്തോമ കോളേജിൽ നീറ്ര് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച വികടബുദ്ധിയെ തൊടാതെ പൊലീസ്. കോളേജിലെ നീറ്റ് പരീക്ഷാ കോ- ഓർഡിനേറ്ററും മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയുമായ പ്രിജി കുര്യൻ ഐസക്ക്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിരീക്ഷകൻ ഡോ. ഷംനാദ് എന്നിവരെ ചടയമംഗലം പൊലീസ് സ്റ്രേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത, സ്വകാര്യ ഏജൻസി 500 രൂപ ദിവസ ശമ്പളത്തിന് ദേഹ പരിശോധനയ്ക്ക് നിയോഗിച്ച മൂന്ന് സ്ത്രീകളിലും കോളേജിലെ തുച്ഛ വേതനക്കാരായ രണ്ട് സ്വീപ്പർമാരിലും കേസ് ഒതുക്കാനാണ് ശ്രമമെന്ന ആരോപണം ശക്തമായി.
ഇന്നലെ ശൂരനാട് സ്വദേശിയായ ഒരു പെൺകുട്ടി കൂടി അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതി നൽകി. ഇതോടെ പരാതി നൽകിയ കുട്ടികൾ ഏഴായി.
സ്റ്റാർ ഏജൻസിയുടെ ഇടനിലക്കാരൻ നിദ്ദേശിച്ച പ്രകാരം പരിശോധനയിൽ ബീപ് ശബ്ദം കേട്ട പെൺകുട്ടികളെ മാറ്റിനിറുത്തുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് അറസ്റ്റിലായ മൂന്ന് സ്ത്രീകളുടെയും മൊഴി. കരഞ്ഞ വിദ്യാർത്ഥിനികൾക്ക് വസ്ത്രം നീക്കാൻ മുറി തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് സ്വീപ്പർമാരുടെയും മൊഴി.
പരീക്ഷാ കോ - ഓർഡിനേറ്ററുടെ നിർദ്ദേശ പ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്ന് അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചെങ്കിലും അയാളെ പ്രതി ചേർക്കാൻ പൊലീസ് വിമുഖത കാട്ടുകയാണ്. മറ്രാരുടെയെങ്കിലും നിർദ്ദേശം ഉണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കാൻ, അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തയ്യാറായില്ല. സ്വീപ്പർമാരും ദേഹപരിശോധനാ സംഘവും മേലധികാരികളുടെ നിർദ്ദേശമില്ലാതെ അടിവസ്ത്രങ്ങൾ അഴിപ്പിക്കില്ലെന്ന യാഥാർത്ഥ്യം പൊലീസ് അവഗണിക്കുകയാണ്. എന്നാൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ നിയമോപദേശം തേടിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. പ്രതിചേർക്കലും അറസ്റ്റും വൈകിപ്പിച്ച് പരീക്ഷാ കോ- ഓർഡിനേറ്റർക്ക് മുൻകൂർ ജാമ്യത്തിനുള്ള അവസരം ഒരുക്കുകയാണെന്ന ആരോപണവുമുണ്ട്.
അന്വേഷണ വിവരങ്ങൾ കൈമാറി
ദേശീയ വനിതാ കമ്മിഷൻ ആവശ്യപ്പെട്ട പ്രകാരം കൊട്ടാരക്കര റൂറൽ എസ്.പി അന്വേഷണ റിപ്പോർട്ട് കൈമാറി. അന്വേഷണ മേധാവിയായ കൊട്ടാരക്കര ഡിവൈ.എസ്.പി ആദ്യം പരാതി നൽകിയ ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിനിയെ ഇന്നലെ നേരിൽ കണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. സുരക്ഷാ ജീവനക്കാരെ നിയോഗിച്ച സ്റ്റാർ ഏജൻസിയുടെ നടത്തിപ്പുകാരെ ഇന്ന് ചോദ്യം ചെയ്തേക്കും.
നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊല്ലം ആയൂരിൽ നീറ്റ് എഴുതിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച ആഭാസത്തെ പറ്റി ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) മൂന്നംഗ കമ്മിറ്റി അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ മലയാളികളാണ്.
എൻ.ടി.എ സീനിയർ ഡയറക്ടർ ഡോ. സാധനാ പരാശർ, തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര സരസ്വതി വിദ്യാലയ പ്രിൻസിപ്പൽ ഷൈലജ ഒ.ആർ, പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ സുചിത്ര ഷിൻഷിത് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. പരീക്ഷയുടെ സിറ്റി കോർഡിനേറ്റർ, പരീക്ഷാ കേന്ദ്രം സൂപ്രണ്ടുമാർ, നിരീക്ഷകർ, ഇൻവിജിലേറ്റർമാർ തുടങ്ങിയവർ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ പരീക്ഷാ സുരക്ഷാ മാർഗരേഖയിൽ വീഴ്ച വരുത്തിയോ എന്നാണ് കമ്മിറ്റി പരിശോധിക്കേണ്ടത്. പരീക്ഷാ ചുമതലയുള്ള ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവരുടെ മൊഴിയെടുക്കും.