മാഫിയകളും സിപിഎമ്മും ഒന്നായിമാറി: കൃഷ്ണദാസ്

Thursday 21 July 2022 12:13 AM IST
കോഴിക്കോട് കോർപ്പറേഷനിലെ മാഫിയ സമാന്തര ഭരണത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന സപ്തദിന സത്യഗ്രഹ സമരം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മാർക്സിസ്റ്റ് പാർട്ടിയും മാഫിയകളും തമ്മിൽ വേർതിരിച്ചറിയാനാവാത്ത വിധത്തിൽ ഒന്നായി മാറിയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കോഴിക്കോട് കോർപ്പറേഷനിലെ മാഫിയ സമാന്തര ഭരണത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന സപ്തദിന സത്യഗ്രഹ സമരത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് കോഴിക്കോട് കോർപ്പറേഷനിൽ നടന്നത്. ആയിരത്തിലധികം അനധികൃത കെട്ടിടങ്ങൾക്ക് നിയമവിരുദ്ധമായി നമ്പർ നൽകിക്കൊണ്ട് 500 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. സി.പി.എം ജില്ലാ നേതൃത്വവും കോർപ്പറേഷൻ ഡെപ്യുട്ടി മേയറും ചില ഉദ്യോഗസ്ഥരും ചേർന്നാണ് ഈ കൊള്ള നടത്തിയത്. ഒരുമാസമായിട്ടും കാര്യമായ അന്വേഷണമൊന്നും നടന്നിട്ടില്ല. അതിനിടയിൽ തന്നെ ചെറുവണ്ണൂരിലെ കോർപറേഷന്റെ മേഖല ഓഫീസിൽ തീപിടിത്തമുണ്ടായത് യാദൃച്ഛികമല്ല. അനധികൃതമായി കെട്ടിട നമ്പർ നൽകുന്നതിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും സെർവറും സൂക്ഷിച്ച മുറിയിലാണ് തീപിടിച്ചത്. സ്വർണക്കടത്ത് കേസുണ്ടായപ്പോൾ സെക്രട്ടേറിയറ്റിലെ ഒരു മുറിയിൽ തീപിടിത്തമുണ്ടായതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ സിസി.ടി.വി ക്യാമറ ഇടിമിന്നലേറ്റ് തകർന്നതും നമ്മൾ മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും ബി.ജെ.പി.കൗൺസിൽ പാർട്ടി ലീഡറുമായ നവ്യാ ഹരിദാസ് നേതൃത്വം നൽകിയ സത്യാഗ്രഹ സമരത്തിൽ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്
അഡ്വ. രമ്യാ മുരളി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.കെ സുപ്രിയ, സെക്രട്ടറി ശ്രീജ.സി.നായർ, വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രൻ, ബിന്ദു പ്രഭാകരൻ, ട്രഷറർ സഗിജ സത്യൻ, ബി.ജെ.പി.ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ബിന്ദു. ചാലിൽ, ജിഷാ ഗിരീഷ്, സംസ്ഥാന സമിതി അംഗം അഡ്വ.എൻ.പി.ശിഖ, സംസ്ഥാന കൗൺസിൽ അംഗം ശോഭരാജൻ, കൗൺസിലർമാരായ സരിതാ പറയേരി, രമ്യ സന്തോഷ്, സി.എസ് സത്യഭാമ, അനുരാധ തായാട്ട്, ടി.രനീഷ്, എൻ.ശിവപ്രസാദ്. എന്നിവർ നേതൃത്വം നൽകി.
ഇന്ന് ഒ.ബി.സി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സത്യഗ്രഹ സമരത്തിന് കൗൺസിലർ സരിത പറയേരി നേതൃത്വം നൽകും ബി.ജെ.പി മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement