ചരിത്രത്തിലേക്ക് ചാടിവീണ് എലെനർ

Wednesday 20 July 2022 11:57 PM IST

ഒറിഗോൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഹൈജമ്പിൽ സ്വർണം നേടുന്ന ആദ്യ ഓസ്‌ട്രേലിയക്കാരിയായി ചരിത്രമെഴുതി എലെനർ പാറ്റേഴ്‌സൺ. ഒറിഗോണിൽ 2.02 മീറ്റർ ചാടിക്കടന്നാണ് 26-കാരിയായ എലെനർ സ്വർണ മെഡലണിഞ്ഞത്.
എലെനറുടെ കരിയറിലെ മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. 1.98 മീറ്റർ ഉയരം കടക്കാൻ മൂന്ന് ശ്രമം വേണ്ടിവന്ന എലെനർ പിന്നീട് അവിശ്വസനീയ ഫോമിലേക്ക് ഉയരുകയായിരുന്നു. കരിയറിൽ ആദ്യമായി രണ്ടു മീറ്റർ ചാടി​ക്കടന്നത് രണ്ടാമത്തെ ശ്രമത്തിലെങ്കിൽ സ്വർണ ഉയരമായ 2.02 മീറ്റർ ഉയരം ആദ്യ ശ്രമത്തിൽ തന്നെ കീഴടക്കി.
മത്സരത്തിന്റെ തുടക്കത്തിൽ മുന്നിട്ടുനിന്ന യുക്രെയ്ന്റെ യാരോസ്‌ലാവ മഹുചിക്കും 2.02 മീറ്റർ മറികടന്നെങ്കിലും അതിന് രണ്ട് ചാൻസ് വേണ്ടിവന്നതിനാൽ വെള്ളി മെഡലിൽ ഒതുങ്ങി. 1.98 മീറ്റർ വരെ ആദ്യ ശ്രമത്തിൽ തന്നെ യാരോസ്‌ലാവ മറികടന്നിരുന്നു. രണ്ടു മീറ്റർ മറികടന്ന ഇറ്റലിയുടെ എലെന വല്ലോർടിഗാര വെങ്കലം നേടി.
മകന്റെ സ്വർണം
അനൗൺസ് ചെയ്ത് അച്ഛൻ
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷ 1500 മീറ്ററിൽ ബ്രിട്ടന്റെ ജെയ്ക് വൈറ്റ്മാൻ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ ഗാലറിയിൽ മൈക്കുകളിലൂടെ മുഴങ്ങിയത് ജെയ്ക്കിന്റെ പിതാവ് ജെഫ് വൈറ്റ്മാന്റെ അനൗൺസ്മെന്റായിരുന്നു. 'അതെ എന്റെ മകൻ ലോകചാമ്പ്യനായിരിക്കുന്നു.' എന്നാണ് ഒൗദ്യോഗിക അനൗൺസറായിരുന്ന ജെഫ് വിളിച്ചുപറഞ്ഞത്. മകന്റെ വിജയം വിളിച്ചുപറയുമ്പോൾ ആ അച്ഛന്റെ ശബ്ദമിടറിയിരുന്നു
3 മിനിട്ട് 29.23 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജെയ്ക്ക് സ്വർണമണിഞ്ഞത്. ഒളിമ്പിക് ചാമ്പ്യൻ കൂടിയായ നോർവെയുടെ യാക്കോബ് ഇംഗെബ്രിറ്റ്‌സെനെ മറികടന്നായിരുന്നു ജെയ്ക്കിന്റെ നേട്ടം. 3 മിനിട്ട് 29.47 സെക്കൻഡിലാണ് ഇംഗെബ്രിറ്റ്‌സെൻ ഫിനിഷ് ചെയ്തത്. 3 മിനിട്ട് 29.90 സെക്കൻഡിൽ ഫിനിഷ് ചെയ്ത സ്‌പെയ്‌നിന്റെ മുഹമ്മദ് കാതിർ വെങ്കലം സ്വന്തമാക്കി.
സ്റ്റാൾ പൂട്ടിച്ച് സേ
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഡിസ്കസ് ത്രോയിൽ നിലവിലെ ചാമ്പ്യനായ സ്വീഡിഷ് താരം ഡാനിയേൽ സ്റ്റാളിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് സ്ളൊവേനിയൻ താരം ക്രിസ്റ്റ്യൻ സേ. ഇന്നലെ തന്റെ മൂന്നാം ശ്രമത്തിൽ 71.13മീറ്റർ ദൂരത്തേക്ക് ഡിസ്ക് പായിച്ചാണ് സേ സ്വർണമണിഞ്ഞത്. ലോക ചാമ്പ്യൻഷിപ്പിലെ റെക്കാഡ് ദൂരമായിരുന്നു ഇത്. ലിത്വാനിയൻ താരങ്ങളായ മൈക്കോളാസ് അലേക്നയും ആൻഡ്രിയസ് ഗുഡിയസും യഥാക്രമം വെള്ളിയും വെങ്കലവും നേടി.അലേക്ന 69.27 മീറ്ററും ഗുഡിയസ് 67.55 മീറ്ററുമാണ് കണ്ടെത്തിയത്. നിലവിലെ ഒളിമ്പിക് ചാമ്പ്യൻകൂടിയായ ഡാനിയേൽ സ്റ്റാൾ 67.10 മീറ്റർ മാത്രമെറിഞ്ഞ് നാലാമതായി.

Advertisement
Advertisement