പാളത്തിൽ കരിങ്കൽ ചീളുകൾ വച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം

Thursday 21 July 2022 2:26 AM IST

റെയിൽ പാളത്തിൽ കരിങ്കൽ ചീളുകൾ വച്ച നിലയിൽ

കണ്ണൂർ: വളപട്ടണത്തിനും പാപ്പിനിശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ നിരത്തിവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പാപ്പിനിശേരി മേൽപ്പാലത്തിനും വളപട്ടണം പാലത്തിനും ഇടയിലുള്ള ട്രാക്കിലാണ് ചീളുകൾ വച്ചത്. ട്രെയിൻ കയറി ചീളുകൾ ഞെരിഞ്ഞമർന്ന നിലയിലായിരുന്നു.

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മലബാർ എക്‌സ്‌പ്രസിലെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവായത്. ഓട്ടത്തിനിടെ അസാധാരണ ശബ്ദ കേട്ടതിനെ തുടർന്ന് മലബാർ എക്‌സ്‌പ്രസ് നിർത്തി ലോക്കോ പൈലറ്റ് പരിശോധിച്ചപ്പോഴാണ് ഒരു ട്രാക്കിൽ മൂന്ന് മീറ്ററോളവും തൊട്ടടുത്ത ട്രാക്കിൽ പത്ത് മീറ്ററോളവും കരിങ്കല്ല് നിരത്തിവച്ചത് കണ്ടത്. ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

രണ്ടാം തവണയാണ് പ്രദേശത്തെ റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിവച്ചത്. ജൂലായ് 17ന് രാത്രിയിലും സമാന സംഭവമുണ്ടായി. വളപട്ടണം പൊലീസും ആർ.പി.എഫും അന്വേഷണം തുടങ്ങി. പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement