സി.കേശവൻ ഗാന്ധിസത്തിനും കമ്യൂണിസത്തിനും ഇടയിലെ പാലം: മുഖ്യമന്ത്രി

Thursday 21 July 2022 2:37 AM IST

തിരുവനന്തപുരം: ഗാന്ധിസത്തിനും കമ്യൂണിസത്തിനും ഇടയിലെ പാലമായിരുന്നു സി.കേശവനെന്നും, ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിച്ചതിനൊപ്പം മാർക്‌സിനോടും മാർക്‌സിസത്തോടും ആഭിമുഖ്യം പുലർത്താൻ മടിക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.കേശവൻ സ്‌മാരക പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജന്‌ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപൂർവ ജനുസിൽപ്പെട്ട കോൺഗ്രസുകാരനായിരുന്നു സി.കേശവൻ. തിരു-കൊച്ചി മുഖ്യമന്ത്രി പദമൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ പ്രസ്ഥാനം അദ്ദേഹത്തോട് നീതി കാണിച്ചോയെന്നത് ഇപ്പോഴും ചർച്ചയാണ്. ശ്രീനാരായണ ഗുരുദേവനോടുള്ള ഭക്തി നിലനിറുത്തിക്കൊണ്ട് യുക്തിവാദത്തിലേക്ക് പോയ ആളാണ് അദ്ദേഹം. നിയതമായ കള്ളിയിൽ ഒതുങ്ങുന്ന വ്യക്തിത്വമായിരുന്നില്ല. ബ്രിട്ടീഷുകാരെ ഭരണത്തിൽ നിന്ന്‌ പുറത്താക്കുന്നതിനൊപ്പം സാമുദായിക ഉച്ചനീചത്വങ്ങളും ഇല്ലാതായാലേ സ്വാതന്ത്ര്യം പൂർണമാകൂവെന്ന നിലപാടാണ്‌ കേശവൻ സ്വീകരിച്ചത്‌. നിരാലംബരെ സംരക്ഷിക്കുന്ന സ്ഥാപനമാണ്‌ ഗാന്ധിഭവൻ. പുനലൂർ സോമരാജന്റെ പ്രവർത്തനം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻമന്ത്രി കെ.രാജു അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. വി.കെ.ജയകുമാർ പ്രശസ്‌തി പത്രം സമർപ്പിച്ചു. അനീഷ്‌ കെ. അയിലറ, അഞ്ചൽ ഗോപൻ, ജി.സുരേന്ദ്രൻ, കെ.വി തോമസ്‌കുട്ടി, എസ്‌.ദേവരാജൻ, കെ.യശോധരൻ, ഷാജി മാധവൻ, അഞ്ചൽ ജഗദീശൻ എന്നിവർ സംസാരിച്ചു. ഡോ.പുനലൂർ സോമരാജൻ മറുപടി പറഞ്ഞു.

Advertisement
Advertisement