രണ്ട് കോടിയുടെ സ്ഥാനത്ത് ബി സി സി ഐ മുടക്കിയത് 3.2 കോടി; വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം പുറപ്പെട്ടത് ചാർട്ടേഡ് ഫ്ളൈറ്റിൽ, മറ്റുള്ളവർ കരുതുന്നത് പോലെ കാരണം കൊവിഡ് അല്ലെന്ന് ഉന്നതർ

Thursday 21 July 2022 7:20 PM IST

മുംബയ്: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത് ചാർട്ടേഡ് ഫ്ളൈറ്റിൽ. ഇംഗ്ളണ്ട് പര്യടനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ച് എത്താതെ നേരിട്ട് വെസ്റ്റ് ഇൻഡീസിലെ പോർട്ട് ഒഫ് സ്പെയിനിലേക്ക് ടീം യാത്ര തിരിക്കുകയായിരുന്നു. ടീം അംഗങ്ങൾക്കും കോച്ചിംഗ് സ്റ്റാഫിനും കൂടി സാധാരണ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പോകുന്നതിന് രണ്ട് കോടി രൂപയ്ക്ക് അകത്ത് മാത്രമേ ആകുകയുള്ളു. എന്നാൽ ചാർട്ടേഡ് ഫ്ളൈറ്റ് ബുക്ക് ചെയ്തത് മൂലം ബി സി സി ഐക്ക് ചെലവായത് 3.2 കോടി രൂപയാണ്. ഏകദേശം 1.2 കോടി രൂപയുടെ അധികച്ചെലവാണ് ബി സി സി ഐക്ക് ഇക്കാര്യത്തിൽ വന്നിരിക്കുന്നത്.

കൊവിഡ് കാലത്ത് കളിക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കായിക സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്യുക പതിവാണെങ്കിലും ബി സി സി ഐ ഇത്തരമൊരു തീരുമാനം എടുത്തത് മഹാമാരി കാരണമല്ലെന്നാണ് ക്രിക്കറ്റ് ബോർഡിലെ ഉന്നതർ തന്നെ വ്യക്തമാക്കുന്നത്. ഇത്രയേറെ പേർക്ക് സാധാരണ യാത്രാ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ബി സി സി ഐ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. 16 താരങ്ങളും രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള പരിശീലക സംഘത്തിനൊപ്പം ചില കളിക്കാരുടെ ഭാര്യമാരും യാത്ര ചെയ്യുന്നുണ്ട്. ഇതിനാലാണ് അംഗസംഖ്യ ഉയർന്നതെന്നാണ് ബോർഡിന്റെ വിശദീകരണം. മാഞ്ചസ്റ്ററിൽ നിന്ന് പോർട്ട് ഒഫ് സ്പെയിനിലേക്കുള്ള ഒരു ബിസിനസ് ക്ളാസ് ടിക്കറ്റിന് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവാകും.

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെയും അഞ്ച് ട്വന്റി-20 കളുടെയും പരമ്പരകൾക്കുള്ള ഇന്ത്യൻ ടീം കഴിഞ്ഞ ദിവസമാണ് ട്രിനിഡാഡിലെത്തിയത്. ഇംഗ്ളണ്ട് പര്യടനത്തിന് ശേഷമാണ് ടീം വിൻഡീസിലേക്ക് പോയത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ശിഖർ ധവാനാണ് ഏകദിനത്തിൽഇന്ത്യയെ നയിക്കുന്നത്. വിരാട് കൊഹ്‌ലിയും ടീമിലില്ല. മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിലുണ്ട്.