കെ എൽ രാഹുലിന് കൊവിഡ്, വെസ്റ്റിൻഡീസ് പരമ്പരയിൽ കളിക്കുന്ന കാര്യം സംശയത്തിൽ, സഞ്ജുവിന് നറുക്ക് വീഴുമോ?

Thursday 21 July 2022 10:37 PM IST

മുംബയ്: ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് കൊവിഡ്. ബി സി സി ഐ പ്രസി‌ഡന്റ് സൗരവ് ഗാംഗുലിയാണ് അപക്സ് കൗൺസിൽ മീറ്റിംഗിന് ശേഷം ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുൽ പരിശീലനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടി ട്വന്റി ടീമിൽ രാഹുലിനെ നിബന്ധനയോടെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഫിറ്റ്നസ് ടെസ്റ്റ് പാസാക്കണമെന്നതായിരുന്നു ടീമിൽ ഉൾപ്പെടുത്തുന്നതിന് ബി സി സി ഐ രാഹുലിന് മുന്നിൽ വച്ച നിബന്ധന. അതിനു വേണ്ടി രണ്ട് ദിവസത്തിനുള്ളിൽ ഫിറ്റനസ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രാഹുൽ.

എന്നാൽ കൊവിഡ് ബാധിതനായതിനാൽ രാഹുൽ ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കുന്ന കാര്യം സംശയത്തിലാണ്. ഈ മാസം 29നാണ് വെസ്റ്റിൻഡീസിനെതിരായ ടി ട്വന്റി പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമ്മയോടൊപ്പം ഇന്ത്യയ്ക്ക് വേണ്ടി രാഹുൽ ഓപ്പൺ ചെയ്യാനാണ് സാദ്ധ്യത. എന്നാൽ ഫിറ്റ്നസ് തെളിയിക്കാതെ രാഹുലിനെ ടീമിൽ ഉൾപ്പെടുത്താൻ ബി സി സി ഐ തയ്യാറാകില്ല. കൊവിഡ് പിടിപ്പെട്ടതിനാൽ ഒരാഴ്ചക്കുള്ളിൽ ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കാനും രാഹുലിന് സാധിക്കില്ല.

ഈ സാഹചര്യത്തിൽ രാഹുലിന് പകരം മലയാളി താരം സഞ്ജുവിന് ടി ട്വന്റി ടീമിൽ ഇടം നൽകാൻ ബി സി സി ഐ തയ്യാറാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. നാളെ ആരംഭിക്കുന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്ലേയിംഗ് ഇലവനിൽ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന് ഉറപ്പില്ല. ഏകദിന പരമ്പരയിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചാൽ ടി ട്വന്റി പരമ്പരയ്ക്കും ചിലപ്പോൾ താരത്തെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാരുടെ മേൽ സമ്മർദ്ദം ഏറും.