അഞ്ച് വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

Friday 22 July 2022 12:05 AM IST

മലപ്പുറം: ജില്ലയിലെ അഞ്ച് തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ജില്ലാ പഞ്ചായത്തിലെ ആതവനാട്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്, മലപ്പുറം നഗരസഭയിലെ മൂന്നാംപടി, മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല, കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെയും വോട്ടെണ്ണൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും മലപ്പുറം, മഞ്ചേരി നഗരസഭകളിലേത് അതത് നഗരസഭകളിലും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേത് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും നടക്കും.

പ്രാദേശിക ഭരണകൂടങ്ങളുടെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കുമൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെ അലയൊലികളും പ്രചാരണങ്ങളിൽ മുഴങ്ങിനിന്നു. അഞ്ച് ഇടങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണ സമിതികളെ ബാധിക്കില്ല. ആതവനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫിന് വേണ്ടി ബഷീർ രണ്ടത്താണിയും എൽ.ഡി.എഫിന് വേണ്ടി കെ.പി.കരീമുമാണ് മത്സരിച്ചത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവിൽ സി.ടി.അയ്യപ്പൻ (യു.ഡി.എഫ്),​ കെ.ഭാസ്‌ക്കരൻ (എൽ.ഡി.എഫ്), എൻ.പ്രേമദാസൻ (ബി.ജെ.പി), മഞ്ചേരി നഗരസഭയിലെ കിഴക്കേതലയിൽ പരേറ്റ മുജീബ് റഹ്മാൻ ( യു.ഡി.എഫ്), തലാപ്പിൽ സജീർ ( എൽ.ഡി.എഫ്), മലപ്പുറം നഗരസഭയിലെ മൂന്നാംപടിയിൽ ജിതേഷ് എന്ന ജിത്തു (യു.ഡി.എഫ്), കെ.എം.വിജയലക്ഷ്മി (എൽ.ഡി.എഫ്), കാർത്തിക ചന്ദ്രൻ (ബി.ജെ.പി), കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലത്ത് മുഹ്സിന സാഹിർ (യു.ഡി.എഫ്), കവർതൊടിയിൽ ബുഷ്റ (എൽ.ഡി.എഫ്) എന്നിവരാണ് മത്സരിച്ചത്.

പോളിംഗ് ശതമാനം ഇങ്ങനെ

ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ : 47.13

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് : 52.23

മലപ്പുറം നഗരസഭയിലെ മൂന്നാംപടി : 73.71

മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല : 83.52

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം : 75.98

Advertisement
Advertisement