കേസ് നിലനിൽക്കില്ല: ജയരാജന് അനുകൂലമായി പൊലീസ് റിപ്പോർട്ട് നൽകും

Friday 22 July 2022 12:00 AM IST

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാരീരികമായി നേരിട്ട ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ വധശ്രമവും ഗൂഢാലോചനയും ചുമത്തിയ കേസിൽ, അദ്ദേഹത്തിന് അനുകൂലമായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. കേസിനാസ്പദമായ സ്വകാര്യ ഹർജി നിലനിൽക്കില്ലെന്നും അറസ്റ്റിന്റെ ആവശ്യമില്ലെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നുമാവും പൊലീസ് കോടതിയെ അറിയിക്കുക.

പരാതിക്കാരായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ എന്നിവരുടെയും വിമാന യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും. പരാതി കെട്ടിച്ചമച്ചതാണെന്ന് ശംഖുംമുഖം അസി.കമ്മിഷണർ ഡി.കെ.പൃഥ്വിരാജ് സർക്കാരിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്റി​യുടെ ഗൺ​മാൻ അനി​ൽ കുമാർ, പേഴ്സണൽ സ്റ്റാഫംഗമായ വി​.എം. സുനീഷ് എന്നി​വർക്കെതി​രെയും കേസെടുത്തി​ട്ടുണ്ട്.

പൊലീസ് പറയുന്നത്

മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയവരെ സദുദ്ദേശ്യത്തോടെ തടയുകയാണ് ഇ.പി.ജയരാജൻ ചെയ്തത്. സിവിൽ ഏവിയേഷൻ ചട്ടപ്രകാരം നിയമനടപടി നിലനിൽക്കില്ല.

പരാതിക്കാർ വിമാനത്തിൽ ആക്രമിക്കപ്പെട്ടതായി ആദ്യം പറഞ്ഞിട്ടില്ല. കുറ്റകൃത്യത്തിൽ നിന്നൊഴിവാകാനും ശിക്ഷായിളവ് നേടാനുമാണ് ദിവസങ്ങൾക്കു ശേഷമുള്ള പരാതി.

ആക്രമണം തടയുന്നതിനിടെ മുഖ്യമന്ത്രിയുടെ അംഗരക്ഷകനായ എസ്.അനിൽകുമാർ, പേഴ്സണൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവർക്ക് പരിക്കേറ്റതിന്റെ മെഡിക്കൽ രേഖകളുണ്ട്.

പരാതിക്കാർ ആർ.സി.സിയിലുള്ള രോഗിയെ സന്ദർശിക്കാനെത്തിയെന്നാണ് പരാതിയിലുള്ളത്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ തീരുമാനമെടുത്താണ് വിമാനത്തിൽ കയറിയതെന്ന് മൊഴികളുണ്ട്.

ഇ.പി.ജയരാജനും ഗൺമാനും മറ്റും അവസരോചിതമായി യൂത്ത്കോൺഗ്രസുകാരെ തടഞ്ഞതിനാലാണ് മുഖ്യമന്ത്രിക്കു നേരേ മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരുന്നത്.

വ്യോമയാന സുരക്ഷാ

നിയമം ചുമത്തിയില്ല

ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനും പി.എയ്‌ക്കുമെതിരേ വിമാനസുരക്ഷാ നിയമം ചുമത്തിയല്ല പൊലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസുകാർക്കെതിരെ എയർക്രാഫ്‌റ്റ് ആക്ടിലെ സെക്‌ഷൻ 11എ, എയർക്രാഫ്റ്റ് റൂൾസിലെ സെക്‌ഷൻ 3(1) (എ), 22 വകുപ്പുകൾ ചുമത്തിയിരുന്നു. മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെതിരേയും ഈ വകുപ്പുകൾ ചുമത്തി.

കോടതി നിർദ്ദേശപ്രകാരം എടുത്ത കേസായതിനാൽ, സ്വകാര്യ ഹർജിയിലുള്ള കുറ്റങ്ങളേ എഫ്.ഐ.ആറിൽ ഉള്ളൂ എന്നാണ് പൊലീസ് പറയുന്നത്. ഹർജിയിൽ വകുപ്പുകൾ പറഞ്ഞിട്ടില്ലെന്നും വിമാനസുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചെയ്തതായി ചൂണ്ടിക്കാട്ടിയിരുന്നതായി ഹർജിക്കാർ പറയുന്നു.

വധശ്രമക്കേസിന്റെ ഗൗരവം കുറയ്ക്കാനുള്ള യൂത്ത്കോൺഗ്രസുകാരുടെ തന്ത്രമാണിതെന്ന് പൊലീസ് പറയുന്നു. ഒരു കുറ്റകൃത്യത്തിൽ രണ്ട് എഫ്.ഐ.ആറുകളുണ്ടെന്നും വകുപ്പുകൾ വ്യത്യസ്തമാണെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി ശിക്ഷായിളവ് നേടാനാണ് ശ്രമമെന്നാണ് വിലയിരുത്തൽ.

ജ​യ​രാ​ജ​നെ​തി​രാ​യ​ ​ന​ട​പ​ടി
സ്ഥി​രീ​ക​രി​ച്ച് ​കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​നു​ള്ളി​ൽ​ ​ന​ട​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ജ​യ​രാ​ജ​ന് ​മൂ​ന്നാ​ഴ്‌​ച​ ​യാ​ത്രാ​ ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ന​ട​പ​ടി​ ​സ്ഥി​രീ​ക​രി​ച്ച് ​സി​വി​ൽ​ ​വ്യോ​മ​യാ​ന​ ​മ​ന്ത്രാ​ല​യം.
അ​ടൂ​ർ​ ​പ്ര​കാ​ശി​ന്റെ​യും,​ ​ഹൈ​ബി​ ​ഈ​ഡ​ന്റെ​യും​ ​ചോ​ദ്യ​ത്തി​ന് ​ലോ​ക്‌​സ​ഭ​യി​ൽ​ ​രേ​ഖാ​മൂ​ലം​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​യി​ൽ​ ​സി​വി​ൽ​ ​വ്യോ​മ​യാ​ന​ ​മ​ന്ത്രി​ ​വി.​കെ.​ ​സിം​ഗാ​ണ് ​മൂ​ന്ന് ​മോ​ശം​ ​യാ​ത്ര​ക്കാ​ർ​ക്കെ​തി​രെ​ ​ഇ​ൻ​ഡി​ഗോ​യു​ടെ​ ​അ​ഭ്യ​ന്ത​ര​ ​ക​മ്മി​റ്റി​ ​യാ​ത്രാ​ ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് ​അ​റി​യി​ച്ച​ത്.​ ​ജ​യ​രാ​ജ​ന് ​മൂ​ന്നാ​ഴ്‌​ച​യും​ ​ര​ണ്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ര​ണ്ടാ​ഴ്‌​ച​യും​ ​യാ​ത്രാ​ ​വി​ല​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യ​ത് ​സി​വി​ൽ​ ​വ്യോ​മ​യാ​ന​ ​ച​ട്ട​ങ്ങ​ൾ​ ​പ്ര​കാ​ര​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ചു.