ചെസ് ഒളിമ്പ്യാഡ് ദീപശിഖാ റാലിക്ക് തൃശൂരിൽ ആവേശോജ്വല വരവേൽപ്പ്

Friday 22 July 2022 12:40 AM IST
chess olympiad

തൃശൂർ: ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന 44-ാം ചെസ് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം സംസ്ഥാനത്തെത്തി. തൃശൂർ കളക്ടർ ഹരിത വി. കുമാറിൽ നിന്ന് ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്നൻ ദീപശിഖ ഏറ്റുവാങ്ങി. ചെസിനോടുള്ള അഭിനിവേശത്തിന് പേരുകേട്ട മരോട്ടിച്ചാൽ ഗ്രാമം വലിയ ആവേശത്തോടെയാണ് 67 നഗരങ്ങളിലെ പ്രയാണത്തിന് ശേഷം കേരളത്തിലെത്തിയ ദീപശിഖാ റാലിയെ വരവേറ്റത്.

ഇന്ത്യയുടെ ചെസ് ഗ്രാമം എന്നറിയപ്പെടുന്ന മരോട്ടിച്ചാലിന്റെ പൈതൃകത്തിനുള്ള അംഗീകാരം കൂടിയായി ദീപശിഖാ പ്രയാണം മാറി. സംസ്ഥാനത്ത് തൃശൂരിലും തിരുവനന്തപുരത്തുമാണ് പ്രയാണം ഒരുക്കിയിട്ടുള്ളത്. ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ഭാവി താരങ്ങൾക്കെതിരെ ഒരേ സമയം ചെസ് കളിച്ചു. ഇന്ന് തിരുവനന്തപുരത്ത് പ്രയാണം നടത്തുന്ന ദീപശിഖാ റാലിയോട് അനുബന്ധിച്ച് തലസ്ഥാനത്തും വിപുലമായ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്.

നൂറ് വർഷത്തെ ചെസ് ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ലോക ചെസ് സംഘടനയായ ഫിഡെ, ഒളിമ്പ്യാഡ് ദീപശിഖയുടെ പാരമ്പര്യം അവതരിപ്പിക്കുന്നത്. ചെസ് ഒളിമ്പ്യാഡിനായി 27നാണ് ദീപശിഖ ചെന്നൈയിലെത്തുക. ജൂൺ 19ന് ഡൽഹി ഇന്ദിര ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദീപശിഖാ റാലി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഫിഡെ പ്രസിഡന്റ് അർക്കാഡി ദോർകോവിച്ചാണ് പ്രധാനമന്ത്രിക്ക് ദീപശിഖ കൈമാറിയത്.

പ്രധാനമന്ത്രി അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനും ദീപശിഖ കൈമാറി. 28 മുതൽ ഓഗസ്റ്റ് ഒമ്പത് വരെ മഹാബലിപുരത്തെ ഫോർ പോയിന്റ് ബൈ ഷെറാട്ടൺ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഒളിമ്പ്യാഡിൽ ഇത്തവണ 187 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

Advertisement
Advertisement