കൊല്ലം ആർ.എം.എസിന് മരണമണി!

Friday 22 July 2022 12:49 AM IST

കൊല്ലം: ജില്ലയിലെ നഗര ​- ഗ്രാമാന്തരങ്ങളിലേക്ക് തപാൽ ഉരുപ്പടികൾ തരം തിരിച്ചെത്തിക്കുന്ന കൊല്ലം റെയിൽവേ മെയിൽ സർവീസ് യൂണിറ്റിന് (ആർ.എം.എസ്) മരണമണി മുഴക്കി അധികൃതരുടെ ഉത്തരവ്.

പടിപടിയായി ആർ.എം.എസ് ഓഫീസിലെ ജീവനക്കാരെയും സംവിധാനങ്ങളും നീക്കം ചെയ്ത് യൂണിറ്റ് അടച്ചുപൂട്ടാനാണ് തപാൽ വകുപ്പിന്റെ നീക്കം. ആദ്യപടിയായി രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ് തപാലുകളുടെ സോർട്ടിംഗ് കൊല്ലം ആർ.എം.എസിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാൻ ഉത്തരവിറങ്ങി. രജിസ്റ്റേർഡ് - സ്പീഡ് പോസ്റ്റ് സേവനങ്ങളുടെ നീക്കം ആഗസ്റ്റ് ആദ്യവാരത്തോടെ പൂർണമായും തിരുവനന്തപുരം കേന്ദ്രീകരിക്കാനാണ് ശ്രമം.

ജില്ലയിലെ നൂറ്റിയിരുപതോളം പോസ്റ്റ് ഓഫീസുകളിലേക്കുള്ള രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ് ഉൾപ്പെടെയുള്ള കത്തുകളും പാഴ്സലുകളും എത്തിക്കുകയും പോസ്റ്റ് ഓഫീസുകളിൽ നിന്ന് ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലേക്കുള്ള തപാൽ ഉരുപ്പടികൾ സ്വീകരിച്ച് യഥാസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്യുന്ന യൂണിറ്റാണ് കൊല്ലം ആർ.എം.എസ്.

റെയിൽവേ സ്‌റ്റേഷനുള്ളിൽ സ്ഥിതിചെയ്യുന്ന ആർ.എം.എസ് ഓഫീസിൽ രാത്രിയും പകലുമായി നൂറിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സംസ്ഥാനത്തെ 13 ആർ.എം.എസ് ഓഫീസുകളാണ് ഇത്തരത്തിൽ അടച്ചുപൂട്ടാൻ നീക്കം നടക്കുന്നത്.


തപാൽ സംവിധാനം താറുമാറാകും

1. ബുക്ക് ചെയ്യുന്ന സർക്കാർ രേഖകളുൾപ്പെടെയുള്ള തപാലുരുപ്പടികൾ അന്നേ ദിവസം അയച്ച് തൊട്ടടുത്ത ദിവസം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്ന സ്ഥിതിയാണ് ഇതോടെ ഇല്ലാതാവുക

2. നിലവിലെ ജീവനക്കാർ വിദൂര ഓഫീസുകളിലേക്ക് സ്ഥലം മാറ്റപ്പെടും

3. അൻപതിലധികം താത്കാലിക ജീവനക്കാരുടെയും അന്നം മുട്ടും

സ്വകാര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം ആർ.എം.എസ് ഇല്ലാതാകുന്നതോടെ ജില്ലയിലെ തപാൽ വിതരണ സംവിധാനം താറുമാറാകും. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

തൊഴിലാളി സംഘടനാ പ്രതിനിധികൾ

Advertisement
Advertisement