ശുചിത്വ ഭക്ഷണത്തിന് ഈറ്റ് റൈറ്റ് ചലഞ്ച്

Friday 22 July 2022 12:50 AM IST

കൊല്ലം: ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് ചലഞ്ച് റാങ്കിംഗിനായുള്ള പ്രവർത്തങ്ങൾക്ക് ജില്ലയിൽ തുടക്കം. ജില്ലാ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ പഴം, പച്ചക്കറി മാർക്കറ്റുകൾ കേന്ദ്രീകരിച്ച് വ്യാപാരികൾക്കും വിതരണക്കാർക്കും പരിശീലനം നൽകി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചാമക്കട, പുനലൂർ മാർക്കറ്റുകളിലായിരുന്നു ആദ്യഘട്ട പരിശീലനം.

ജില്ലയിൽ 33 ഹോട്ടലുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകി. 140 സ്ഥാപനങ്ങൾക്ക് സ്റ്റാർ റേറ്റിംഗിനായി നടപടികൾ ആരംഭിക്കുകയും ചെയ്തു. ഈറ്റ് റൈറ്റ് മാതൃകാ കാമ്പസുകളായി ട്രാവൻകൂർ മെഡിക്കൽ കോളേജ്, അസീസിയ മെഡിക്കൽ കോളേജ്, പുത്തൂർ എസ്.എൻ ആയുർവേദ കോളേജ്, ചാത്തന്നൂർ, കൊല്ലം, ചടയമംഗലം അങ്കണവാടികൾ എന്നിവയെ തിരഞ്ഞെടുത്തു. കുടിവെള്ളം, ഭക്ഷണം എന്നിവയുടെ ഗുണനിലവാരം, കീടനിയന്ത്രണ സംവിധാനങ്ങൾ, ജീവനക്കാരുടെ ആരോഗ്യ ശേഷി എന്നിവ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

അന്നദാനം ആനന്ദകരം

 12 ലക്ഷത്തിൽ താഴെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ ലൈസൻസിംഗും രജിസ്ട്രേഷനും

 പാൽ, പാൽ ഉത്പന്നങ്ങൾ, ബേക്കറി സാധനങ്ങൾ, എണ്ണ, പഴം, പച്ചക്കറി തുടങ്ങിയവയുടെ സാമ്പിളുകൾ ശേഖരിച്ചുള്ള പരിശോധന

 ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ്

 ദൈവത്തിന് ശുദ്ധവും ആനന്ദകരവുമായ വഴിപാട് (ബോഗ്) എന്ന പേരിൽ ക്ഷേത്രങ്ങളിലെ അന്നദാനം അടക്കം ശുചിത്വം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകും. പുതിയകാവ്, കാട്ടിൽ മേക്കേതിൽ, ഓച്ചിറ ക്ഷേത്രങ്ങളിൽ ആദ്യ ഘട്ട പ്രവർത്തനം.

ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്നുമാസത്തെ പ്രവർത്തനങ്ങളാണ് അതോറിട്ടി വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസർകോട് ജില്ലകൾ റാങ്കിംഗിൽ പങ്കെടുത്ത് ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തിയിരുന്നു.

എസ്. അജി, അസി. കമ്മിഷണർ,

ഭക്ഷ്യസുരക്ഷാവകുപ്പ്

Advertisement
Advertisement