പൊലീസ് തല്ലിക്കെടുത്തിയത് ഒരു കുടുംബത്തിന്റെ അത്താണിയെ

Saturday 23 July 2022 12:08 AM IST
പൊലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ സജീവന്റെ വീട്

വടകര: പൊലീസ് മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണുമരിച്ച വടകര കല്ലേരിയിലെ സജീവൻ ഒരു കുടുംബത്തിന്റെ അത്താണിയും വിശാലമായ സൗഹൃദങ്ങൾക്കുടമയുമായിരുന്നു. വൈകുന്നേരം വരെ വോളിബാൾ കോർട്ടിലും ടൗണിലുമായി കണ്ട സജീവൻ രാവിലെയോടെ മരിച്ചെന്ന വാർത്ത ഇപ്പോഴും കല്ലേരി ഗ്രാമത്തിന് ഉൾക്കൊള്ളാനായിട്ടില്ല. അമ്മയും അമ്മയുടെ സഹോദരിയുമടക്കം നിർദ്ധന കുടുംബമാണ് സജീവന്റേത്. വീടെന്ന് പറയാൻപോലും കഴിയാത്ത ചെറിയ കൂരയിലാണ് താമസം. മരംമുറിക്കുന്നതിന് സഹായിയായുള്ള ജോലിയാണ് സജീവൻ ചെയ്തുപോന്നത്. അതിനപ്പുറത്ത് നാട്ടിൽ ആർക്കും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയിലും വിളിക്കാൻ കഴിയാവുന്ന പരോപകാരി. നാട്ടിൽ എന്ത് ആഘോഷങ്ങളുണ്ടായാലും ആദ്യാവസാനം സജീവനുണ്ടാവും. അത്രമാത്രം നാട്ടുകാർക്ക് പ്രിയങ്കരനായ യുവാവിനെയാണ് ചെറിയൊരു നിയമ ലംഘനത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയും മർദ്ദിക്കുകയും ചെയ്ത് പൊലീസ് കെടുത്തിക്കളഞ്ഞത്.

പൊലീസെന്നു കേട്ടാൽ പണ്ടേ പേടിയാണ് സജീവന്. പൊലീസ് സ്റ്റേഷനിൽ കയറേണ്ടിവരുന്നത് ആദ്യം. രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം കാറിൽ വരുമ്പോൾ ഒരു കാറുമായി ചെരിയ ഉരസലുണ്ടായി. അത് പരസ്പരം പറഞ്ഞു തീർത്തു. അതിനിടയിലാണ് പൊലീസിന്റെ വരവ്. സ്റ്റേഷനിലെത്തിയപ്പോൾ മുതൽ എസ്.ഐ.വളരെ ക്ഷുഭിതനായാണ് സജീവനെ നേരിട്ടതെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ കുറ്റപ്പെടുത്തി. പല തവണ മർദ്ദിച്ചു. ചോദ്യം ചെയ്തപ്പോൾ തങ്ങളെയും മർദ്ദിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞപ്പോൾ കളിയാക്കി. ഒടുക്കം പുറത്തേക്ക് വിട്ടപ്പോൾ സ്‌റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. എന്നിട്ടും ഒരു പോലീസുകാരനും തിരിഞ്ഞുനോക്കിയില്ല. സ്‌റ്റേഷൻ കോമ്പൗണ്ടിൽ വാഹനങ്ങളുണ്ടായിട്ടും ഒരു ആംബുലൻസ് കിട്ടാൻ സമയമെടുത്തു. അതിന് സഹായിച്ചത് അപ്പോഴവിടെ എത്തിയ ഓട്ടോ ഡ്രൈവറാണ്. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ച ഡോക്ടർ പറഞ്ഞത് ഒരു പത്തു മിനുട്ട് മുമ്പെത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ്. സജീവന്റെ മരണം പൊലീസ് മർദ്ദനം മാത്രമല്ല, അവരുടെ മനുഷ്യത്വരഹിതമായ ഇടപെടലിന്റെ ഉദാഹരണം കൂടിയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.

Advertisement
Advertisement