ബസുകളിൽ മോഷണം പതിവാകുന്നു നഗരത്തിലുണ്ട്, ബാറ്ററിക്കള്ളൻമാർ

Saturday 23 July 2022 12:34 AM IST
thief

കോഴിക്കോട്: രാത്രി സമയങ്ങളിൽ നഗരത്തിലെ റോഡരികുകളിൽ നിറുത്തിയിടുന്ന ബസുകളിൽ മോഷണം വ്യാപകമാവുന്നതായി പരാതി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 30 ബസുകളിൽ നിന്നായി ബാറ്ററിയും മറ്റ് സാധനങ്ങളും മോഷണം പോയി. ബസുകളിലെ ബാറ്ററികളാണ് കൂടുതലായും മോഷണം പോകുന്നത്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കുന്നത്തുപാലം, പന്തീരാങ്കാവ്, പെരുമണ്ണ ഭാഗങ്ങളിൽ നിന്ന് രാത്രി നിറുത്തിയിട്ട ബസുകളിൽ നിന്ന് പതിനഞ്ച് ബാറ്ററികളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം കുന്നത്തുപാലം ഭാഗത്ത് നിർത്തിയിട്ട അഞ്ച് ബസിന്റെ ബാറ്ററികൾ മോഷണം പോയി. ബസുകളിൽ പണ്ടുള്ളതു പോലെ ക്ലീനർ രാത്രി തങ്ങാറില്ലെന്നും ഇതാണ് മോഷണം കൂടാൻ കാരണമാകുന്നതെെന്നും ബസുടമകൾ പറയുന്നു. ഒരു ബസിൽ രണ്ട് ബാറ്രറികളാണുള്ളത്. രണ്ട് ബാറ്ററികൾക്കുമായി 25000 രൂപ വരെയാണ് വില. പന്തീരാങ്കാവ്, നല്ലളം, ബേപ്പൂർ, ഫറോക്ക് എന്നീ പൊലീസ് സ്റ്റേഷനുകളിൽ പലതവണ പരാതി നൽകിയിട്ടും കൃത്യമായ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ഇന്ധന വില, കൊവിഡ് തുടങ്ങി പലവിധ പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന ബസ് ജീവനക്കാർക്കും ഉടമകൾക്കും ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് ഈ മോഷണങ്ങൾ. രാത്രിസമയങ്ങളിൽ ഈ ഭാഗങ്ങളിൽ കൂടുതൽ നൈറ്റ് പട്രോൾ നടത്തി ഇനിയുള്ള മോഷണശ്രമങ്ങളെങ്കിലും തടയണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്.

@ നൈറ്റ് പട്രോളിംഗ് ശക്തമാക്കി കൂടുതൽ മോഷണങ്ങൾ തടയാൻ പൊലീസ് നടപടി സ്വീകരിക്കണം.

കെ.രാധാകൃഷ്ണൻ

സെക്രട്ടറി

ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ

Advertisement
Advertisement