നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി: കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭത്തിന് സി.പി.എം

Saturday 23 July 2022 12:32 AM IST

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തി വിലക്കയറ്റമുണ്ടാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ആഗസ്റ്റ് 10ന് വൈകിട്ട് 5ന് ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് ധർണ നടത്താൻ സി.പി.എം തീരുമാനം. ഓരോ ലോക്കൽ കേന്ദ്രത്തിലും 500 പേരെങ്കിലും പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് നേരത്തേ ജി.എസ്.ടി ചുമത്തൽ കേന്ദ്രം ഒഴിവാക്കിയിരുന്നത്. ആഡംബരവസ്തുക്കൾക്ക് നികുതി ചുമത്തി സാധാരണക്കാരുടെ ഉത്പന്നങ്ങൾക്ക് നികുതിയൊഴിവാക്കണമെന്നാണ് കേരളം നിർദ്ദേശിച്ചത്. അതൊന്നും പരിഗണിക്കാതെയാണ് അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കെ് ജി.എസ്.ടി ചുമത്തിയത്.

അക്രമം തടയുന്നത്

കുറ്റകരമാവുന്നു

ഇ.പി. ജയരാജന് ഇൻഡിഗോ യാത്രാവിലക്കേർപ്പെടുത്തിയത് ദൗർഭാഗ്യകരമാണ്. ഇപ്പോൾ ജയരാജന്റെ പേരിൽ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതും മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്കും പേഴ്സണൽ സ്റ്റാഫംഗത്തിനുമെതിരെ പരിശോധന നടത്താൻ പറഞ്ഞതുമെല്ലാം മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ന്യായീകരിക്കലാണ്. ഇത്തരം നടപടികൾ തിരുത്താൻ ബന്ധപ്പെട്ടവർ തയാറാകണം. ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന ജയരാജന്റെ തീരുമാനത്തെപ്പറ്റി ചോദിച്ചപ്പോൾ, വ്യക്തിപരമായി ഒരാൾക്ക് തീരുമാനിച്ചുകൂടേയെന്നായിരുന്നു കോടിയേരിയുടെ മറുചോദ്യം.

സി.പി.എം എം.എൽ.എമാർ

മാറി വോട്ട് ചെയ്തില്ല

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ എം.എൽ.എമാരാരും വോട്ട് മാറി ചെയ്തിട്ടില്ല. ആരാണ് വോട്ട് മാറ്റിച്ചെയ്തതെന്നിപ്പോൾ എങ്ങനെയാണ് കണ്ടുപിടിക്കാനാവുക? കെ.കെ. രമയ്ക്ക് ഭീഷണിക്കത്തുണ്ടെങ്കിൽ ഉടൻ ഡി.ജി.പിക്ക് കൈമാറണം. എ.കെ.ജി സെന്റർ ആക്രമണക്കേസ് സി.പി.എമ്മിനെതിരായ പ്രചാരണമാക്കാൻ ചില മാദ്ധ്യമങ്ങൾ പുറപ്പെട്ടിരിക്കുന്നു. എ.കെ.ജി സെന്ററിലേത് രാത്രിയിലുണ്ടായതാണ്. വീഡിയോ ക്ലിപ്പിംഗേയുള്ളൂ. അതുവച്ച് അന്വേഷണം തുടരുകയാണ്. പ്രതിയെ കണ്ടെത്താനാകുമെന്നാണിപ്പോഴും പ്രതീക്ഷ.

ഇപ്പോഴത്തെ എല്ലാ കേസുകളിലും പൊലീസിന് തിരിച്ചടിയാണല്ലോയെന്ന ചോദ്യത്തിന്, പൊലീസ് അവർക്ക് കിട്ടുന്ന ആക്ഷേപങ്ങളെ അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നതെന്നായിരുന്നു മറുപടി. കോടതി നിയമവശങ്ങൾ നോക്കി ജാമ്യം നൽകും. ആക്ഷേപം വന്നാൽ പൊലീസിന് പരിശോധിക്കേണ്ടിവരില്ലേ?. കസ്റ്റഡിയിലെടുത്താൽ പൊലീസ് സ്റ്റേഷനിൽ വച്ച് ജാമ്യം കൊടുക്കാനാവില്ലെന്നേയുള്ളൂ.

Advertisement
Advertisement