പത്തനംതിട്ടയിലെ നഗരച്ചന്ത കിയോസ്ക്, തുറക്കുമോ ?

Saturday 23 July 2022 12:35 AM IST

പത്തനംതിട്ട : പണി പൂർത്തീകരിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും നഗരസഭാ ബസ് സ്റ്റാൻഡിന് സമീപമുള്ള നഗരച്ചന്ത കിയോസ്ക് പ്രവർത്തനം ആരംഭിച്ചില്ല. മുനിസിപ്പാലിറ്റികളിലെ കുടുംബശ്രീ സംഘങ്ങൾ കൃഷിചെയ്ത കാർഷിക വിളകൾ വിൽക്കാനുള്ള അർബൻ വെജിറ്റബിൾ കിയോസ്കുകളാണ് നഗരച്ചന്ത. പത്തനംതിട്ട നഗരസഭയിൽ നഗരചന്ത നടത്താനുള്ള കുടുംബശ്രീ സംഘങ്ങളെ ലഭിക്കാത്തതിനാലാണ് പ്രവർത്തനം വൈകുന്നത്. എന്നാൽ ഓണക്കാലത്ത് സജീവമാകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ജില്ലാ മിഷന്റെ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് കിയോസ്ക് നിർമ്മിക്കുന്നത്. ഷീറ്റിട്ട് പെയിന്റടിച്ച് ബോർഡും തൂക്കിയിട്ടിട്ടുണ്ട് ഇവിടെ. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ കുമ്പഴയിൽ നഗരച്ചന്ത പ്രവർത്തിക്കുന്നുണ്ട്. പന്തളത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. തിരുവല്ലയിൽ വൈ.എം.സി.എ ജംഗ്ഷനിലാണ് നഗരച്ചന്ത വരുന്നത്. അടൂരിൽ നഗരച്ചന്ത സ്ഥാപിച്ചിട്ടില്ല.

ലക്ഷ്യം

കുടുംബശ്രീ സംഘങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ നഗരപ്രദേശങ്ങളിൽ വിപണനം നടത്തുക, മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക, വിഷരഹിത പച്ചക്കറികൾ നഗരവാസികൾക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിറുത്തിയാണ് നഗരച്ചന്ത സ്ഥാപിക്കുന്നത്. കുടുംബശ്രീ കർഷകർക്കും മറ്റുകർഷകർക്കും നഗരച്ചന്തയിൽ കാർഷിക വിളകൾ വിൽക്കാം. ഇവയുടെ പ്രവർത്തനവും ചുമതലയും അതാത് അർബൻ സി.ഡി.എസുകൾക്കായിരിക്കും. നഗരച്ചന്തയുടെ നടത്തിപ്പ് താൽപര്യമുള്ള കൃഷി സംഘങ്ങളെ ഏൽപ്പിക്കാം.

Advertisement
Advertisement