കോന്നിയുടെ തലയെടുപ്പിൽ വീണ്ടും കൊച്ചയ്യപ്പൻ

Saturday 23 July 2022 12:38 AM IST

കോന്നി : കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പ്രതിപാദിച്ചിട്ടുള്ള കോന്നി ആനത്താവളത്തിലെ ഏറ്റവും പേരെടുത്ത താപ്പാനയായിരുന്നു കൊച്ചയ്യപ്പൻ. കാലങ്ങൾക്ക് ഇപ്പുറം ആനത്താവളത്തിൽ കൊച്ചയ്യപ്പന് ഒരു പിൻഗാമി എത്തിയിരിക്കുകയാണ്. ഒന്നര വയസുകാരൻ കൊച്ചയ്യപ്പന്റെ കുസൃതിയിൽ ആനത്താവളം വീണ്ടും സജീവമായിരിക്കുന്നു.

വനത്തിൽ വാരിക്കുഴി കുഴിച്ചു ആനപിടുത്തം തുടങ്ങിയപ്പോഴാണ് റാന്നിയിൽ നിന്ന് കർത്താവിന്റെ ഉടമസ്ഥതയിലായിരുന്ന പഴയ കൊച്ചയ്യപ്പനെ കോന്നിയിൽ എത്തിക്കുന്നത്. തിരുവിതാംകൂർ മഹാരാജാവിന്റെ ഉത്തരവ് പ്രകാരമായിരുന്നു ഇത്.
ഇപ്പോൾ ജൂനിയർ കൊച്ചയ്യപ്പനെയും ആനത്താവളത്തിലെത്തിച്ചത് റാന്നി വനം ഡിവിഷനിലെ വനമേഖലയിൽ നിന്നാണ് എന്നത് സമാനതയാണ്. ഇക്കോ ടൂറിസം സെന്ററിലെത്തുന്ന സന്ദർശകരുടെ പ്രിയങ്കരനാണ് ഇന്ന് കൊച്ചയ്യപ്പൻ. റാന്നി വനം ഡിവിഷനിലെ ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനു സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ആഗസ്റ്റ് 19ന് ഉച്ചയ്ക്കാണ് കുട്ടിക്കൊമ്പനെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും കാണുന്നത്. കാട്ടാനക്കൂട്ടത്തിൽ നിന്ന് കൂട്ടംതെറ്റിയ കുട്ടിക്കൊമ്പനെ തിരികെ വനത്തിലേക്ക് കയറ്റി വിടാനായി കൂടൊരുക്കി രാത്രി പാർപ്പിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വനപാലകർ കുട്ടിയാനയെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ നിന്ന് കുട്ടിക്കൊമ്പനെ കോന്നി ആനത്താവളത്തിലേക്ക് മാറ്റാൻ ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ ഉത്തരവിറക്കുകയായിരുന്നു.

വനംമന്ത്രി എ.കെ.ശശീന്ദ്രൻ കോന്നി ഇക്കോ ടൂറിസം സെന്ററിലെത്തി കോന്നി ആനത്താവളത്തിലെ പ്രശസ്തനായ പഴയ താപ്പാന കൊച്ചയപ്പന്റെ നാമം കുട്ടിക്കൊമ്പന് നൽകി. പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും കണ്ണിനുവിരുന്നാകുകയാണ് ഇന്ന് കൊച്ചയ്യപ്പൻ.

ഒന്നര വയസുകഴിഞ്ഞ കുട്ടിക്കൊമ്പനെ ദിവസവും രാവിലെ 8.30 ന് കുളിപ്പിക്കും. റാഗിയും ഗോതമ്പുപൊടിയും ചേർന്ന മിശ്രിതം കുഴച്ചു ഭക്ഷണമായി രാവിലെ 10നും ഉച്ചയ്ക്ക് 2നും വൈകിട്ട് 5നും രാത്രി 10നും നൽകും. പാപ്പാൻ വിഷ്ണുവിനാണ് കൊച്ചയ്യപ്പന്റെ സംരക്ഷണ ചുമതല.

Advertisement
Advertisement