എസ്.പിയുടെ നായയെ കുളിപ്പിച്ചില്ല, പൊലീസുകാരന് സസ്പെൻഷൻ, അന്നുതന്നെ തിരിച്ചെടുത്ത് എ.ഐ.ജി
തിരുവനന്തപുരം: വളർത്തുനായയെ കുളിപ്പിക്കാനും വിസർജ്യം കോരാനും വിസമ്മതിച്ച പൊലീസുകാരനെ ടെലികമ്മ്യൂണിക്കേഷൻ എസ്.പി നവനീത് ശർമ്മ വസതിയിൽ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി സസ്പെൻഡ് ചെയ്തു. എസ്. പിയുടെ നടപടി തെറ്റാണെന്ന് ബോദ്ധ്യമായതിനെത്തുടർന്ന് ഐ.ജി അനൂപ് കുരുവിള ജോൺ അന്നുതന്നെ ഉത്തരവ് റദ്ദാക്കി പൊലീസുകാരനെ തിരിച്ചെടുത്തു. 21നാണ് സസ്പെൻഷനും റദ്ദക്കലുമുണ്ടായത്.
തിരുവനന്തപുരം സിറ്റി പൊലീസിൽ നിന്ന് ടെലികമ്മ്യൂണിക്കേഷനിൽ നിയമിതനായ സിവിൽ പൊലീസ് ഓഫീസർ എസ്.എസ് ആകാശിനാണ് ദുരനുഭവമുണ്ടായത്.
എസ്.പിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായിരുന്നു (ഗൺമാൻ) ആകാശ്.
എസ്.പിയുടെ ഇതരസംസ്ഥാനക്കാരനായ ജോലിക്കാരൻ കഴിഞ്ഞ ഞായറാഴ്ച ആകാശിനെ എസ്.പിയുടെ വസതിയിലേക്ക് വിളിപ്പിച്ച് നായ്ക്കളെ കുളിപ്പിക്കാനും മലമൂത്ര വിസർജ്ജ്യം കോരിമാറ്റാനും ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറായില്ല.
ആകാശിനെതിരെ സ്പെഷ്യൽ റിപ്പോർട്ട് നൽകാൻ ടെലികമ്മ്യൂണിക്കേഷൻ ആസ്ഥാനത്തെ ഒരു എസ്.ഐയോട് എസ്.പി ആവശ്യപ്പെട്ടു.
ക്വാർട്ടേഴ്സിൽ മറ്റാരുമില്ലാത്ത സമയത്ത് അനധികൃതമായി പ്രവേശിച്ച് ഹാളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചതായി ടെലികമ്മ്യൂണിക്കേഷൻ ആസ്ഥാനത്തെ സബ്ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തെന്ന രേഖയുണ്ടാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നു. വിലപിടിപ്പുള്ള സാധനങ്ങൾ, ഓഫീസ് ഫയലുകൾ, തിരിച്ചറിയൽ രേഖകൾ, പണമിടപാട് രേഖകൾ, ആൻഡ്രോയ്ഡ് ടി.വി, സ്മാർട്ട് ഫോൺ, ലാപ്ടോപ്പ് എന്നിവ വീട്ടിലുണ്ടായിരുന്നു. ഗുരുതര അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യവിലോപവും വരുത്തിയതായി കണ്ടെത്തിയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
പൊലീസ് അസോസിയേഷൻ നേതാക്കൾ ഇക്കാര്യങ്ങൾ ഡി.ജി.പിയുടെ ശ്രദ്ധയിൽപെടുത്തി. സസ്പെൻഷൻ പിൻവലിച്ച് ആകാശിനെ മാതൃയൂണിറ്റായ തിരുവനന്തപുരം സിറ്റിയിലേക്ക് മാറ്റാൻ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിക്ക് ഡി.ജി.പി നിർദ്ദേശം നൽകി.
ഐ.പി.എസ് ക്വാർട്ടേഴ്സ് ഒന്നാം നമ്പർ വില്ലയാണ് എസ്.പിക്കായി അനുവദിച്ചിരുന്നത്. റെയിൽവേ ഉദ്യോഗസ്ഥയായ ഭാര്യയുടെ ക്വാർട്ടേഴ്സിലാണ് അദ്ദേഹം താമസിക്കുന്നത്. ഉത്തരേന്ത്യക്കാരനായ കെയർടേക്കറാണ് ഐ.പി.എസ് ക്വാർട്ടേഴ്സിലുള്ളത്. നായയെ കുളിപ്പിക്കാൻ വിസമ്മതിച്ചതിനാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തതെന്ന ആരോപണം എസ്.പി നവനീത് നിഷേധിച്ചു.