കുഴഞ്ഞുവീണിട്ടും ആശുപത്രിയിലാക്കാതെ പൊലീസ്, കസ്റ്റഡി മർദ്ദനമേറ്റ് യുവാവ് മരിച്ചു

Saturday 23 July 2022 12:27 AM IST

 എസ്.ഐ ഉൾപ്പെടെ 3 പേർക്ക് സസ്പെൻഷൻ

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച നിർദ്ധന യുവാവ് സ്റ്റേഷനുമുമ്പിൽ കുഴഞ്ഞുവീണിട്ടും ആശുപത്രിയിലെത്തിക്കാതെ,​ ഗ്യാസ് ട്രബിളാണെന്ന് കളിയാക്കി വടകര പൊലീസ്. ക്രൂരത കണ്ട ഓട്ടോ ‌ഡ്രൈവർ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

വടകര കല്ലേരിയിലെ കൊലോത്ത് ജാനുവിന്റെ മകൻ സജീവനാണ് (40) മരിച്ചത്. മരംമുറിക്കാൻ സഹായിയായി പോകാറുള്ള സജീവനാണ് കുടുംബം പോറ്റിയിരുന്നത്.

ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. എസ്.എെ നിജേഷ്‌നു, എ.എസ്.എെ അരുൺ, സിവിൽ പൊലീസ് ഒാഫീസർ ഗിരീഷ് എന്നിവരെ കണ്ണൂർ റേഞ്ച് ഡി.എെ.ജി രാഹുൽ ആർ.നായർ സസ്പെൻഡ് ചെയ്തു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വടകരയിൽ നിന്ന് വില്യാപ്പള്ളിയിലേക്ക് കാറിൽ വരികയായിരുന്നു സജീവനും സുഹൃത്തുക്കളും. അടയ്ക്കാത്തെരുവിൽ മറ്റൊരു കാറിൽ തട്ടിയെങ്കിലും പ്രശ്‌നം പരിഹരിച്ച് പോകാനൊരുങ്ങവേ വടകര പൊലീസെത്തി. സജീവനെയും സുഹൃത്തുക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

എസ്.ഐ നിജേഷ്‌നു സജീവനെ മർദ്ദിച്ചതായി കുടെയുണ്ടായിരുന്ന സുഹൃത്ത് ജുബൈർ പറഞ്ഞു. തന്നെയും അടിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് സജീവൻ പറഞ്ഞപ്പോൾ ഗ്യാസാണെന്ന് കളിയാക്കി.

വണ്ടി പിടിച്ചുവച്ചശേഷം പിറ്റേന്ന് വന്ന് ജാമ്യമെടുക്കാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങവേ സജീവൻ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് വാഹനമുണ്ടായിട്ടും ആശുപത്രിയിലെത്തിച്ചില്ല. ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിൽ ആംബുലൻസിൻ 12.50തോടെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡി.കോളേജിൽ വടകര മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അമ്മയും അമ്മയുടെ സഹോദരിയുമുൾപ്പെട്ട നിർദ്ധന കുടുംബമാണ് സജീവന്റേത്. ചോർന്നൊലിക്കുന്ന കൂരയിലാണ് താമസം.

Advertisement
Advertisement