തിരക്കൊഴിഞ്ഞ തീരത്ത് കക്കാത്തോട് തേടി... ( ബിനു പള്ളികൊടി )

Saturday 23 July 2022 1:29 AM IST
തിരക്കൊഴിഞ്ഞ തീരത്ത്കക്കാ ഓട്ടിതേടി തൊഴിലാളികൾ

ചവറ : കടലിന്റെ ആഴങ്ങളിൽ നിന്ന് തീരം തേടിയെത്തുന്ന കക്കാത്തോടുകളും മുള്ളൻ ശംഖുകളും തോട്പൊടിയും വാരാൻ വള്ളങ്ങളിൽ തൊഴിലാളികളെത്തുന്നത് നീണ്ടകര അഴിമുഖത്തെ പതിവ് കാഴ്ചയാണ്. പ്രത്യേകതരം വലകളുപയോഗിച്ച് വള്ളത്തിൽ തന്നെ ഇരുന്ന് കൊണ്ട് പൈപ്പുകൾ ഘടിപ്പിച്ച് കുത്തിവാരലിലൂടെ തോടുകൾ വഞ്ചിയിലാക്കി ഉപജീവനം നടത്തുന്നവരെ നീണ്ടകര പാലത്തിന് പടിഞ്ഞാറു ഭാഗത്തെ ശക്തികുളങ്ങര - നീണ്ടകര അഴിമുഖത്ത് ചെന്നാൽ കാണാം. ജോലിഭാരവും അദ്ധ്വാനത്തിന്റെ കാഠിന്യവും നോക്കാതെ കക്കാത്തോട് തേടിയെത്തുന്നത് മറ്റു തൊഴിൽ മാർഗങ്ങളില്ലാത്തതുകൊണ്ടാണെന്ന് ഈ തൊഴിലാളികൾ പറയുന്നു.

കക്കാവാരൽ ഇല്ലാതായപ്പോൾ

ട്രോളിങ്ങ് നിരോധനമായതിനാൽ ബോട്ടുകളുടെ ശല്യമില്ല. വലിയ ഓളങ്ങളും തിരകളും ഇല്ല. തീരദേശത്തോട് ചേർന്നുള്ള സ്ഥലത്തെ തോടുകൾ വാരാൻ എളുപ്പവുമാണ്. ഒരു വള്ളത്തിൽ രണ്ടുപേർ ഉണ്ടെങ്കിലേ തോട് വാരൽ നടക്കൂ. ചിലർ മുങ്ങിവാരിയെടുക്കും. ഒരു അളവ് ചരുവം തോടിന് 230 രൂപ വരെയാണ് വില. നീണ്ടകര പാലത്തിന് കിഴക്കുവശം അഷ്ടമുടിക്കായലിൽനിന്ന് ലഭിച്ചിരുന്ന മഞ്ഞ കക്കാ (എക്സ്പോർട്ടിംഗ് കക്കാ ) ഇപ്പോൾ കിട്ടാനില്ല. കക്കാ വാരൽ നിന്നതോടെയാണ് പലരും തോട് തേടിയിറങ്ങിയത്. ഒരാൾ ഉദ്ദേശം ആയിരം രൂപ വരെ ലഭിക്കുന്ന തരത്തിൽ തോട് വാരും.

കുമ്മായവും വളവുമാകാൻ തമിഴ് നാട്ടിലേക്ക്

കക്കാത്തോട് നീറ്റി കുമ്മായത്തിനും പൊടിച്ച് കോഴിത്തീറ്റക്കും ഉപയോഗിക്കും. തമിഴ്നാട്ടിലെ തൂത്തുക്കുടി, നമകല്ല് എന്നിവിടങ്ങളിലേക്കാണ് ചെറുകിട കച്ചവടക്കാർ സംഭരിക്കുന്ന കക്കാത്തോടുകൾ ലോറികളിൽ കയറ്റിവിടുന്നത്. കേരളത്തിലെ കണ്ണൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലും വളമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു നാലുവർഷമായി നാമകല്ലിൽ കക്കാ ത്തോടിന് ഡിമാൻഡ് കുറവാണ്. കാരണം ചൈനയിൽ നിന്ന് വരുന്ന പ്രത്യേക തരം കല്ല് പൊടിച്ച് കോഴിത്തീറ്റക്ക് ഉപയോഗിച്ച് തുടങ്ങിയതോടെ കക്കാത്തോട് ആരും എടുക്കുന്നില്ല. ഇപ്പോൾ കക്കയും തോടുകളും സംഭരിച്ചിരുന്ന സൊസൈറ്റികൾ പലതും പൂട്ടിയ അവസ്ഥയിലാണ്.

Advertisement
Advertisement