സ്മാർട്ട് ബോയ്സ്

Saturday 23 July 2022 4:11 AM IST

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് : ട്രിപ്പിൾ ജമ്പിൽ എൽദോസ് പോളും ജാവലിനിൽ നീരജ് ചോപ്രയും രോഹിതും ഫൈനലിൽ

ഒറിഗോൺ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി ട്രിപ്പിൾ ജമ്പിൽ മലയാളി താരം എൽദോസ് പോളും ജാവലിൻ നീരജ് ചോപ്രയും രോഹിത് യാദവും ഫൈനലിൽ കടന്നു.

ചരിത്രം എൽദോസ്

പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൻ ചരിത്ര നേട്ടം കുറിച്ചാണ് മലയാളിതാരം എൽദോസ് പോൾ ഫൈനലിൽ എത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പ് ഫൈനലിൽ എത്തുന്ന ആദ്യ താരമെന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാഡാണ് എൽദോസ് സ്വന്തം പേരിൽ കുറിച്ചത്. യോഗ്യതാ റൗണ്ടിൽ 16.68 മീറ്റർ താണ്ടായാണ് എൽദോസ് ഫൈനലുറപ്പിച്ചത്. ഗ്രൂപ്പ് എയിൽ മത്സരിച്ച എൽദോസ് ആറാമനായാണ് ഫിനിഷ് ചെയ്ത്. ആകെ മത്സരിച്ചവരിൽ പന്ത്രണ്ടാമനായാണ് എൽദോസ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. അതേസമയം എൽദോസിനൊപ്പം യോഗ്യതാ റൗണ്ടിൽ മത്സരിച്ച അബ്‌ദുള്ള അബൂബക്കറിനും പ്രവീൺ ചിത്രവേലിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഗ്രൂപ്പ് ബിയിൽ മത്സരിച്ച് അബ്‌ദുള്ള അബൂബക്കർ 16.45 മീറ്റർ ചാടി പത്താമതും ആകെ താരങ്ങളിൽ പത്തൊമ്പതാമതുമാണ് ഫിനിഷ് ചെയ്തത്. പ്രവീൺ 16.49 മീറ്രർ ചാടി ഗ്രൂപ്പ് എയിൽ എട്ടാമതും ആകെ താരങ്ങളിൽ പതിനേഴാമതുമാണ് എത്തിയത്. 17.05 മീറ്റർ ദൂരം ചാടുന്നവരോ മികച്ച പന്ത്രണ്ട് സ്ഥാനക്കാരോ ആണ് ഫൈനലിലേക്ക് യോഗ്യത നേടുക.

യോഗ്യതാ റൗണ്ടിൽ രണ്ടാം ശ്രമത്തിലാണ് 16.68 മീറ്രർ ചാടി എൽദോസ് ഫൈനലിലെത്തിയത്. ആദ്യ ശ്രമത്തിൽ 16.12 മീറ്ററും മൂന്നാം ശ്രമത്തിൽ 16.34 മീറ്ററുമാണ് എൽദോസ് ചാടിയത്.

എൽദോസിന്റെ ഫൈനൽ

ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന്

വിസകിട്ടിയത് അവസാന നിമിഷം

വിസ പ്രശ്നങ്ങൾ കാരണം ലോക ചാമ്പ്യൻഷിപ്പ് തുടങ്ങുന്നതിന് തൊട്ടുമുൻപാണ് എൽദോസ് മത്സര വേദിയായ യു.എസ്‌ലെ ഒറിഗോണിലെത്തിയത്. എന്നാൽ അവസാന നിമിഷത്തെ പ്രതിസന്ധികളൊന്നും ഈ ഇരുപത്തിയഞ്ച്കാരന്റെ പ്രകടനത്തെ ബാധിച്ചില്ല. ഏപ്രിൽ നടന്ന ഫെഡറേഷൻ കപ്പിൽ കുറിച്ച 16.99 മീറ്ററാണ് എൽദോസിന്റെ മികച്ച പ്രകടനം. കോലഞ്ചേരി രാമമംഗലം പാലക്കാമറ്റം കൊച്ചു തോട്ടത്തിൽ പൗലോസിന്റെ മകനായ എൽദോസ് നിലവിൽ ഇന്ത്യൻ നേവിയിലാണ്. കോതമംഗലം എം.എ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ് എൽദോസും അബ്‌ദുള്ളയും. കോമൺവെൽത്ത് ഗെയിംസിലും എൽദോസ് ഇന്ത്യൻ ജേഴ്സിയിൽ പോരാടാനിറങ്ങും.

ഒറ്റയേറിൽ നീരജ്,

സർപ്രൈസ് രോഹിത്

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ ജാവലിൻ ത്രോയിലെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര ഇന്നലെ യോഗ്യതാ റൗണ്ടിൽ ആദ്യ ഏറിൽ തന്നെ ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചു. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയിൽ 88.39 മീറ്റ‌ർ എറിഞ്ഞാണ് നീരജ് ഫൈനലിൽ കടന്നത്. ഫൈനലിൽ കടന്ന താരങ്ങളിൽ ഏറ്രവും മികച്ച രണ്ടാമത്തെ പ്രകടനമാണ് നീരജിന്റേത്. നിലവിലെ ചാമ്പ്യൻ ഗ്രാനാഡയുടെ ആൻഡേഴ്സൺ പീറ്ററാണ് യോഗ്യതാ റൗണ്ടിലെ പ്രകടനങ്ങളിൽ ഒന്നാമത് നിൽക്കുന്നത്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ്ബിയിൽ മത്സരിച്ച ആൻഡേഴ്സൺ 89.91 മീറ്ററാണ് എറിഞ്ഞത്. 80.42 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ് ഗ്രൂപ്പ് ബിയിൽ നിന്ന് ആറാമനായാണ് 21കാരനായ രോഹിത് യാദവ് ഫൈനലിലെത്തിയത്. ജാവലിൻ ഇന്ത്യയുടെ രണ്ട് താരങ്ങളും ഫൈനലിലെത്തുന്നത് ആദ്യമായാണ്.

ജാവലിൻ ഫൈനൽ

നാളെ ഇന്ത്യൻ സമയം രാവിലെ 7.05 മുതൽ

അന്നുവിന് ഇന്ന് ഫൈനൽ

വനിതാ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അന്നു റാണിയുടെ ഫൈനൽ ഇന്നാണ്. രാവിലെ 6.50 മുതലാണ് ഫൈനൽ. 59.60 മീറ്റർ എറിഞ്ഞ് യോഗ്യതാ റൗണ്ടിൽ അഞ്ചാമതായാണ് അന്നു ഫൈനലിൽ എത്തിയത്.

ഷെറിക്ക റോക്കറ്റ്

വനിതകളുടെ നൂറ് മീറ്ററിൽ തന്നെ വെള്ളിയിലേക്ക് പിന്തള്ളിയ ഷെല്ലി ആൻഫ്രേസറിനെ 200 മീറ്ററിൽ രണ്ടാം സ്ഥാനത്താക്കി റെക്കാഡ് വേഗത്തിൽ കുതിച്ച ഷെറിക്ക ജാക്സൺ 21.45 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. വനിതകളുടെ 200മീറ്ററിൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ജമൈക്കൻ വേഗറാണി ഷെറീക്ക കുറിച്ചത്. ജമ്മൈക്കയുടെ തന്നെ ഷെല്ലി 21.81 സെക്കൻഡിൽ ഓടിയെത്തിയ വെള്ളിനേടി.ബ്രിട്ടന്റെ ഡിന ആഷർ സ്മിത്ത് വെങ്കലം നേടി.

Advertisement
Advertisement