സ്‌കൂൾ ബസിൽ കയറാൻ അമ്മയ്‌ക്കൊപ്പം കാറിൽ വന്ന വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

Saturday 23 July 2022 2:15 PM IST

കണ്ണൂർ: സ്‌കൂൾ ബസിൽ കയറാൻ അമ്മയ്‌ക്കൊപ്പം കാറിൽ വന്ന വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർത്ഥിനി നന്ദിതയാണ് മരിച്ചത്. ഇന്ന് രാവിലെ 7.45നാണ് സംഭവം. കിഷോർ ലിസി ദമ്പതികളുടെ മകളാണ് നന്ദിത.

സ്‌കൂൾ ബസിൽ കയറാൻ രാവിലെ അമ്മയ്‌ക്കൊപ്പം കാറിൽ വന്ന നന്ദിത റെയിൽവെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറിൽനിന്ന് ഇറങ്ങി റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്‌പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്.

കുട്ടി പാളം മുറിച്ചുകടന്നെങ്കിലും ബാഗ് തീവണ്ടിയിൽ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാർ ഉടൻതന്നെ കുട്ടിയെ എകെജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭർത്താവ് കിഷോർ നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.