ജനങ്ങൾക്ക് തിരിച്ചടി നൽകി കെ എസ് ഇ ബി; ആയിരത്തിന് മുകളിലുള്ള വൈദ്യുത ബിൽ ഇനി ഓൺലൈനായി മാത്രം, കൗണ്ടറിൽ സ്വീകരിക്കില്ല

Saturday 23 July 2022 4:26 PM IST

തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനിമുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയള്ളൂവെന്ന് കെ എസ് ഇ ബി. അടുത്ത ബില്ലിംഗ് മുതൽ ആയിരം രൂപയ്ക്ക് മുകളിൽ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ രണ്ടായിരത്തിൽ താഴെയുള്ള വൈദ്യുത ബില്ലുകൾ കൗണ്ടറിൽ അടയ്ക്കാൻ സൗകര്യമുണ്ടായിരുന്നു. ഇതിൽ മാറ്റംവരുത്തിയാണ് ചീഫ് എഞ്ചിനീയർ ഡിസ്ട്രിബ്യൂഷൻ എല്ലാ സെക്ഷനുകളിലും നിർദേശം നൽകിയിരിക്കുന്നത്.


കെ എസ് ഇ ബിയിലെ ഓൺലൈൻ ബില്ല് പേയ്‌മെന്റ് സൗകര്യം അമ്പത് ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നതെന്നാണ് ഊർജ സെക്രട്ടറിയുടെ വിലയിരുത്തൽ. ഡിജിറ്റൽ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയിരം രൂപയിൽ കൂടുതലുള്ള ബില്ലുകൾ ഓൺലൈനായി അടക്കാൻ പറയുന്നത്. എന്നാൽ ഡിജിറ്റൽ ബോധവത്ക്കരണം ജനങ്ങൾക്ക് കൃത്യമായി കിട്ടിയിട്ടില്ലാത്തതിനാൽ പുതിയ തീരുമാനം നടപ്പിലാക്കാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കും.