യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയവരുടെ പഠനം, തീരുമാനമെടുക്കാതെ എൻ.എം.സി: മെഡിക്കൽ പഠനം മെനക്കേടിലാണ്...

Saturday 23 July 2022 10:52 PM IST

മലപ്പുറം: യുക്രെയിൻ യുദ്ധഭൂമിയിൽ നിന്നും ജീവനുംകൊണ്ട് കിട്ടിയ വിമാനത്തിൽ തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികളുടെ തുടർപഠനത്തിലെ ആശങ്കയൊഴിയുന്നില്ല. വിദേശ യൂണിവേഴ്സിറ്റിയിൽ നിന്നെത്തിയവ‌‌ർക്ക് ഇന്ത്യയിൽ മെഡിക്കൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്രവും പറഞ്ഞതോടെ ആശങ്ക ഇരട്ടിച്ചു. അവസാന വർഷക്കാർക്ക് പ്രാക്റ്റിക്കലിനും ഇന്റേൺഷിപ്പിനും സൗകര്യമൊരുക്കണമെന്ന് ഒരു വിഭാഗം വിദ്യാ‌ർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ നാഷ്ണൽ മെഡിക്കൽ കൗൺസിൽ ഒരു അറിയിപ്പും നൽകിയിട്ടില്ല. ജൂൺ 29ന് തീരുമാനം അറിയിക്കാമെന്നായിരുന്നു എൻ.എം.സി അറിയിച്ചിരുന്നത്. പിന്നീട് ജൂലായ് എട്ടിലേക്ക് മാറ്റി. ജൂലായ് 15നെങ്കിലും എൻ.എം.സിയുടെ തീരുമാനം വരുമെന്ന പ്രതീക്ഷയിൽ വിദ്യാർ‌ത്ഥികൾ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല‌. ജൂലായ് 25ന് തീരുമാനം അറിയിക്കാമെന്നാണ് എൻ.എം.എസി ഒടുവിൽ അറിയിച്ചത്. എന്നാൽ 25ന് തീരുമാനം ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണണം.

യുദ്ധ സാഹചര്യം മാറി ക്ലാസുകൾ ആരംഭിച്ചാലും യുക്രെയിനിലേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കൾക്ക് താത്പര്യമില്ല. ഇന്ത്യയിൽ തന്നെ പഠന സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം. റഷ്യ മെഡിക്കൽ പഠനത്തിനായി സ്വാഗതം ചെയ്തെങ്കിലും എൻ.എം.സി നിയമപ്രകാരം മാറാനാവില്ല. പഠനം ആരംഭിച്ച യൂണിവേഴ്സിറ്റിയിൽ തന്നെ പഠനം പൂർത്തിയാക്കണമെന്നതാണ് എൻ.എം.സിയുടെ നിയമം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എൻ.എം.സി പുതിയ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

ഇന്ത്യയിൽ ഇന്റേൺഷിപ്പ് ലഭിക്കുമോ?

എഫ്.എം.ജി.ഇ (ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ) എഴുതാനുള്ള അനുവാദം തരികയും ഇന്ത്യയിൽ തന്നെ ഇന്റേൺഷിപ്പിന് അവസരം നൽകണമെന്നുമാണ് അഞ്ച്, ആറ് വർഷക്കാർ ആവശ്യപ്പെടുന്നത്. യുക്രെയിനിലെ തിയറി ക്ലാസുകൾ അതാത് സർവകലാശാലകൾ ഓൺലൈനിൽ പൂർത്തീകരിക്കും. എൻ.എം.സി ഇന്റേൺഷിപ്പിനും പ്രാക്ടിക്കലിനും അനുമതി നൽകിയാൽ അവസാന വർഷക്കാരുടെ കാര്യം സുരക്ഷിതമാവും. ഒന്ന് മുതൽ നാലാം വർഷം വരെ പഠിക്കുന്നവരെ ഇന്ത്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ തന്നെ പരിരക്ഷിക്കണമെന്നും തിരിച്ചെത്തിയവർ ആവശ്യപ്പെടുന്നു. എൻ.എം.സിയുടെ ചട്ടത്തിൽ അതിന് അനുമതിയില്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീരുമാനം കൈകൊള്ളണം. അതല്ലെങ്കിൽ മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലേക്ക് ട്രാൻസ്ഫറിനുള്ള സംവിധാനമെങ്കിലും ഒരുക്കി നൽകണം.

സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടും ?​

അക്കാഡമിക് സർട്ടിഫിക്കറ്റുകൾ തിരിച്ചു ലഭിക്കണമെങ്കിൽ യൂണിവേഴ്സിറ്റിയിൽ വരണമെന്നാണ് യുക്രെയിനിലെ ചില യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചിട്ടുള്ളത്. ഏജന്റുമാർ മുഖേന ഇവ തിരിച്ചു ലഭിക്കുമോ എന്നതിലും വ്യക്തതയില്ല. ഈ സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ മാത്രമേ എവിടെയായാലും തുടർപഠനം സാധ്യമാവു.

കേരളത്തിൽ തിരിച്ചെത്തിയവർ - 3,​379

മെഡിക്കൽ വിദ്യാർ‌‌ത്ഥികൾ - 2,​742

മകൾ ദൃശ്യ മാനസികമായി ഏറെ പ്രതിസന്ധിയിലാണ്. യുക്രെയിനിലെ സാപോർഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മൂന്നാം വർഷമാണ് അവൾ പഠിക്കുന്നത്. യൂണിവേഴ്സസിറ്റി ട്രാൻസ്ഫർ സാദ്ധ്യമാകുമോ എന്നാണ് നോക്കുന്നത്. പക്ഷെ എങ്ങനെയെന്ന് അറിയില്ല. 15 ലക്ഷത്തോളം രൂപ നിലവിൽ ചെലവഴിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ പഠിക്കാനുള്ള സൗകര്യം ഒരുക്കി തരണം.

- ബിന്ദു,

രക്ഷിതാവ് എടക്കര

Advertisement
Advertisement