പണിതീരാത്ത തടവറ (പരമ്പര 2)

Saturday 23 July 2022 11:37 PM IST

പുതിയ ജില്ലാ ജയിലിന്റെ നിർമ്മാണം നീളുന്നു

പത്തനംതിട്ട: ജില്ലാജയിലിന്റെ നിർമ്മാണം ഇനിയും തീർന്നിട്ടില്ല. ജില്ലയിൽ റിമാൻഡ് ചെയ്യപ്പെടുന്ന പ്രതികൾക്ക് വാസം സമീപം ജില്ലകളിലെ ജയിലിലാണ്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി 2018 ആഗസ്റ്റിലാണ് ജില്ലാ ജയിലിന്റെ പ്രവർത്തനം നിലച്ചത്.

ഇവിടെ ഉണ്ടായിരുന്ന തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റുകയും ചെയ്തു. പൊലീസ് സ്റ്റേഷൻ, ഫോറസ്റ്റ്, എക്സൈസ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് കേസിൽ പ്രതിയായി റിമാൻഡിലാകുന്നവരെയും ഇപ്പോൾ ഇവിടങ്ങളിലേക്കാണ് അയയ്ക്കുന്നത്.

2019 മാർച്ചിലാണ് പുതിയ ജില്ലാജയിൽ കെട്ടിടത്തിന് തറക്കല്ലിട്ടത്. സീവേജ് പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ പ്ലാൻ മാറ്റേണ്ടിവന്നു. ചുട്ടിപ്പാറയുടെ അടിവാരത്തുള്ള ഈ സ്ഥലം പാറകൾ നിറഞ്ഞതാണ്. ഇതാണ് പ്ലാൻ മാറ്റാൻ കാരണം. ശിലാസ്ഥാപനം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. 82 സെന്റിൽ 5269 സ്ക്വയർ മീറ്റർ ചുറ്റളവിലാണ് കെട്ടിടം പണിയുന്നത്. ഇതുവരെ 1590 സ്ക്വയർ മീറ്റർ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. പി.ഡബ്ള്യു.ഡി ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

കൊവിഡ് സാഹചര്യത്തിൽ അഞ്ചുമാസം പുതിയ കെട്ടിടത്തിന്റെ പണിനിറുത്തേണ്ടിവന്നു. പിന്നീട് പണി തുടങ്ങിയെങ്കിലും പാറയുള്ള സ്ഥലമായതിനാൽ ഒരടി എത്തുന്നതിന് മുമ്പേ ഉറവ കാണാൻ തുടങ്ങുന്ന സാഹചര്യമാണുള്ളത്. അത് വറ്റിച്ചതിന് ശേഷം വേണം കോൺക്രീറ്റ് ചെയ്യാൻ. ഇതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.. 5.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കിയത്. ഇനിയും 13.8 കോടി രൂപ കൂടി ഉണ്ടെങ്കിലേ നിർമ്മാണം പൂർത്തിയാകു. ഇപ്പോൾ ജയിൽ ഓഫീസ് മാത്രം ഗ്രൗണ്ട് ഫ്ലോറിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് നിലകളിലായി 19 ഇരട്ടസെല്ലും 17 സിംഗിൾ സെല്ലുമാണുള്ളത്. ഒരു ഇരട്ട സെല്ലിൽ പത്തുപേരെയും ഒരു സിംഗിൾ സെല്ലിൽ അഞ്ചുപേരേയും പ്രവേശിപ്പിക്കാം.

പുതിയ കെട്ടിടത്തിൽ

ഇരട്ട സെൽ - 19

സിംഗിൾ സെൽ - 17

സ്ഥലം- 82 സെന്റ്

Advertisement
Advertisement