മുഖ്യമന്ത്രിക്ക് അദാനിയുടെ ഉറപ്പ്, വിഴിഞ്ഞത്ത് മാർച്ചിൽ ആദ്യ കപ്പലടുക്കും

Sunday 24 July 2022 12:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൻ വികസന പ്രതീക്ഷയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുത്ത വർഷം മാർച്ചിൽ ആദ്യ കപ്പൽ നങ്കൂരമിടുമെന്ന് വിഴിഞ്ഞം അദാനി പോർട്ട്സ് മേധാവി കരൺ ഗൗതം അദാനിയുടെ ഉറപ്പ്. ആദ്യഘട്ടം അടുത്ത വർഷം ഓണത്തിന് മുമ്പായി കമ്മിഷൻ ചെയ്യും. ശ്രീലങ്കൻ പ്രശ്നം രൂക്ഷമായതോടെ കാെളംബോ തുറമുഖം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണിത്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരൺ തുറമുഖ നിർമ്മാണ പുരോഗതി വിവരിക്കുകയും പുതിയ കലണ്ടർ പ്രഖ്യാപിക്കുകയും ചെയ്തത്.

ശ്രീലങ്കൻ പ്രശ്നം രൂക്ഷമായയോടെ നിരവധി അന്താരാഷ്ട്ര ലോജിസ്റ്റിക്ക് സ്ഥാപനങ്ങൾ ഇന്ത്യൻ സമുദ്രത്തിലെ ആഴക്കടൽ തുറമുഖ സാദ്ധ്യത തേടിയെത്തിയിട്ടുണ്ട്. അതിനാൽ, വിഴിഞ്ഞം തുറമുഖം എത്രയുംവേഗം കമ്മിഷൻ ചെയ്യണമെന്ന് യോഗത്തിൽ ധാരണയായി.

തുറമുഖം തുറക്കുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങളുണ്ടാകും. അതോടെ പ്രാദേശിക തർക്കങ്ങൾ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ദേവർകോവിൽ ചർച്ചകൾക്ക് ശേഷം പറഞ്ഞു. പുനരധിവാസ പദ്ധതികളിൽ ശേഷിച്ചവ ഉടൻ തീർക്കും.പ്രദേശത്തുള്ളവർക്ക് തുറമുഖ ജോലി ലഭിക്കുന്നതിനുള്ള നൈപുണ്യ പരിശീലന പരിപാടികൾ കമ്പനി ഉടൻ ആരംഭിക്കും.

പാളയത്തെ വിവാന്തയിൽ തുടർന്ന് നടന്ന അവലോകന യോഗത്തിൽ തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ,വിസിൽ എം.ഡി.ഗോപാലകൃഷ്ണൻ,സി.ഇ.ഒ രാജേഷ് ഝാ,അദാനി മുദ്ര പോർട്ട് സി.ഇ.ഒ സുപ്രത് ത്രിപാഠി,ഹോം.സി.ഇ.ഒ വിനയ് സിംഗാൾ,എത്തിരാജൻ,സുശീൽ നായർ തുടങ്ങിയവർ പങ്കെടുത്തു.

പാറ എത്തിക്കാൻ

സർക്കാർ സഹായം

മോശം കാലാവസ്ഥ കാരണം കടൽഭിത്തി നിർമ്മാണം ആഗസ്റ്റ് വരെ നിറുത്തിവച്ചിരിക്കുകയാണ്. മറ്റു നിർമ്മാണങ്ങൾ വേഗത്തിലാക്കും. ഒരു വർഷത്തേക്കുള്ള പാറ കമ്പനി വശമുണ്ട്. കൂടുതൽ പാറകൾ കണ്ടെത്തി എത്തിക്കാൻ സർക്കാരും സഹായിക്കും. അനുബന്ധ നിർമ്മാണ ജോലികൾ ഉടൻ തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. വയബിലിറ്റി ഗ്യാപ്പ്, കരാർ പ്രകാരമുള്ള നിർമ്മാണം അമാന്തിച്ചത് സംബന്ധിച്ച തർക്കങ്ങൾ എന്നിവ ഉടൻ പരിഹരിക്കും.

ഒരു ദശലക്ഷം കണ്ടെയ്നർ

കൈകാര്യം ചെയ്യാം

തുറമുഖ നിർമാണത്തിന് 3100 മീറ്റർ നീളത്തിൽ പുലിമുട്ട് സ്ഥാപിക്കേണ്ടതിൽ 850 മീറ്റർ പൂർത്തിയായി. 7700 കോടി ചെലവിൽ ആദ്യഘട്ടം പൂർത്തിയാവുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാവുക.

Advertisement
Advertisement