യശ്വന്ത് സിൻഹക്ക് ലഭിച്ചത് റെക്കാഡ് വോട്ട്, കണക്കുകൾ ശബ്ദിക്കട്ടെ; നുണ ബോംബുകൾ തകരട്ടെയെന്ന് മന്ത്രി റിയാസ്‌

Sunday 24 July 2022 3:07 PM IST

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് റെക്കാഡ് വോട്ടാണ് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുൻപ് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ എതിർ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകളുടെ കണക്ക് പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.

നുണ ബോംബുകളെ നിർവീര്യമാക്കാൻ കണക്കുകൾ സംസാരിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നുവെന്നും ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

"നുണ ബോംബുകളെ നിർവീര്യമാക്കുവാൻ,

കണക്കുകൾ സംസാരിക്കട്ടെ."

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളിൽ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു.

പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബി ജെ പി വലിയ മേധാവിത്വം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായിരുന്നു.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു.

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ

ബഹുമാന്യയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കുന്നു.

എന്നാൽ,ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി ശ്രീ യശ്വന്ത്സിൻഹക്ക് ലഭിച്ചത് റെക്കാഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും.

കണക്കുകൾ ശബ്ദിക്കട്ടെ...

നുണ ബോംബുകൾ തകരട്ടെ...

-പി എ മുഹമ്മദ് റിയാസ് -