പാലക്കാട് അന്തർസംസ്ഥാന ബസ് പാടത്തേക്ക് മറിഞ്ഞു, നിരവധിപേർക്ക് പരിക്ക്
Monday 03 June 2019 9:28 AM IST
പാലക്കാട്: നല്ലേപ്പിള്ളിയിൽ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബംഗലൂരുവിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ ചിറ്റൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
38 പേരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ചില്ലുകൾ പൊട്ടിച്ചാണ് പരിക്കേറ്റവരിൽ പലരെയും നാട്ടുകാർ പുറത്തെടുത്തത്. പിന്നീട് അഗ്‌നിശമന സേനയെത്തി ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മുഴുവൻ പേരെയും പുറത്തെത്തിച്ചു. ബംഗളൂരുവിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന ബസുകൾ സാധാരണ വാളായാർ വഴിയാണ് സഞ്ചരിക്കുന്നത്. എന്നാൽ, അപകടത്തിൽപ്പെട്ട ബസ് ചിറ്റൂർ ഭാഗത്തുകൂടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.