ജൂനിയർ ക്യാമ്പിലും മരുന്നടി

Wednesday 27 July 2022 12:24 AM IST

പിടിയിലായത് ലോംഗ്ജമ്പ് താരം ചന്ദ്രശേഖർ

തിരുവനന്തപുരം : ഇന്ത്യൻ അത്‌ലറ്റിക്സിലെ ഉത്തേജക മരുന്നടി ജൂനിയർ തലത്തിലേക്കും വേരിറങ്ങിയെന്ന സംശയം ബലപ്പെടുത്തി കഴിഞ്ഞ ദിവസം ജൂനിയർ ക്യാമ്പിലെ ഒരു താരം ഡോപ്ടെസ്റ്റിൽ കുടുങ്ങി. ഉത്തർപ്രദേശുകാരനായ ലോംഗ്ജമ്പ് താരം ചന്ദ്രശേഖറാണ് സാമ്പിൾ പരിശോധനയിൽ പിടിയിലായത്. കോമൺവെൽത്ത് ഗെയിംസ് ടീമിലുണ്ടായിരുന്ന ഒരു മലയാളി അടക്കം മൂന്ന് വനിതാ താരങ്ങൾ ഉത്തേജകത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് ജൂനിയർ താരത്തിന്റെ പേരും പുറത്തുവന്നത്.

ദേശീയ തലത്തിൽ മികവ് തെളിയിച്ച 45 ജൂനിയർ താരങ്ങളെയാണ് പട്യാലയിലെ ദേശീയ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്. അടുത്തകാലത്ത് അസാധാരണ പ്രകടനം കാഴ്ചവച്ചതിന്റെ പേരിലാണ് ചന്ദ്രശേഖറിനെ ക്യാമ്പിലേക്ക് വിളിപ്പിച്ചിരുന്നത്. എന്നാൽ ഈ താരത്തിന്റെ പ്രകടനത്തിൽ സംശയമുണ്ടെന്ന് ക്യാമ്പിലെ ചില കോച്ചുമാർതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാഴ്ച മുമ്പ് കോമൺവെൽത്ത് ഗെയിംസ് ടീമിൽ ഉൾപ്പെടുത്താനായി സീനിയർ താരം ജെസ്വിൻ ആൾഡ്രിന് വേണ്ടി നടത്തിയ സെലക്ഷൻ ട്രയൽസിൽ ജൂനിയർ താരങ്ങളെയും മത്സരിപ്പിച്ചിരുന്നു. ഇതിനിടയിൽ ശേഖരിച്ച സാമ്പിളിലാണ് ഉത്തേജകാംശം കണ്ടെത്തിയത്.

അതേസമയം കഴിഞ്ഞദിവസം പിടിയിലായ 4-100 മീറ്റർ വനിതാറിലേ ടീമിലെ മലയാളി താരം തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിലാണ് പരിശീലനം നടത്തിയിരുന്നത്.

Advertisement
Advertisement