നാഥൻ വാഴാതെ ആരോഗ്യ വകുപ്പ്

Wednesday 27 July 2022 1:05 AM IST

 ഡയറക്ടർക്ക് പിന്നാലെ ഇൻ ചാർജും സ്വയം വിരമിക്കാൻ അനുമതി തേടി

 ഉയർന്ന പല തസ്തികകളിലും മാസങ്ങളായി ഇൻ ചാർജ് ഭരണം

തിരുവനന്തപുരം : ആരോഗ്യ വകുപ്പിൽ ഡയറക്ടർ കസേരയിലെത്തുന്നവർ സ്വയം വിരമിക്കുന്നത് പതിവാകുന്നു. ഡയറക്ടറായിരുന്ന ഡോ.ആർ.എൽ.സരിത ഒരു വർഷം മുമ്പ് സ്വയം വിരമിച്ചിരുന്നു. ഡയറക്ടർ ഇൻചാർജായ ഡോ.പ്രീതയും സ്വയം വിരമിക്കാൻ സർക്കാരിന് അപേക്ഷ നൽകിയത്.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരും വിരമിക്കാൻ അനുമതി തേടിയതെന്നാണ് വിവരം. ഡോ.സരിതയ്ക്ക് ശേഷം സ്ഥിരം ഡയറക്ടറെ കണ്ടെത്താനായിട്ടില്ല. ഒന്നര വർഷത്തോളമായി തുടരുന്ന ഇൻചാജ് ഭരണം വകുപ്പിന്റെ ഭരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ വിരമിക്കാനൊരുങ്ങുന്ന ഡോ.പ്രീതയ്ക്ക് ഒന്നര മാസം മുമ്പാണ് ഡയറക്ടറുടെ ചുമതല നൽകിയത്. കുടുംബക്ഷേമ വിഭാഗത്തിന്റെ അഡീഷണൽ ഡയറക്ടറായിരുന്ന ഡോ.പ്രീതയ്ക്ക് അധിക ചുമതലയാണ് നൽകിയത്. പിന്നാലെ വിജിലൻസ് വിഭാഗം അഡീ.ഡയറക്ടർ വിരമിച്ചപ്പോൾ ആ ചുമതലയും നൽകി. നി

ആരോഗ്യ വകുപ്പിൽ അഡ്മിനിട്രേറ്റീവ് തലത്തിൽ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും യഥാസമയം നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഡയറക്ടർക്ക് തൊട്ട് താഴെയുള്ള അഡിഷണൽ ഡയറക്ടർ തസ്തികളും ഒഴിഞ്ഞുകിടക്കുന്നു. ഡെപ്യൂട്ടി ഡയറക്ടർമാരായിരുന്ന നാല് പേർക്ക് അഡീ.ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകാൻ ഡി.പി.സി യോഗം ഒരു മാസം മുമ്പ് സർക്കാരിന് ശുപാർശ നൽകിയെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. ഡോ.ശ്രീദേവി,ഡോ.ജോസ് ഡിക്രൂസ്,ഡോ.സക്കീന,ഡോ.ശ്രീദേവി എന്നിവർക്കാണ് ജൂൺ ആദ്യം ചേർന്ന ഡി.പി.സി സ്ഥാനക്കയറ്റം അനുവദിച്ചത്. അസി.ഡയറക്ടർ,ഡെപ്യൂട്ടി ഡയറക്ടർ,അഡീ.ഡയറക്ടർ തസ്തികളിൽ പലതിലും ആളില്ലാതായിട്ട് മാസങ്ങളായി.അതിനാൽ മിക്ക ആശുപത്രികളിലും ഇൻചാർജ് സൂപ്രണ്ടുമാരാണ് ഭരണം നടത്തുന്നത്.


അവിടെ എല്ലാം ഒ.കെ

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ സ്ഥാനമൊഴിയുന്ന മുറയ്ക്ക് നിയമനവും സ്ഥലം മാറ്റവും നടക്കുന്നു..മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിരമിച്ചതിന് തൊട്ടടുത്ത ദിവസം പുതിയ ആളെ നിയമിച്ചു. ഡയറക്ടറേറ്റിൽ ഒഴിഞ്ഞുകിടന്ന തസ്തികളും

നികത്തി.മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരെയും നിയമിച്ചു..

ഡയറക്ടമാരുടെ

ഇൻചാർജ് ഭരണം

 2021ഏപ്രിൽ 30-ഡയറക്ടറായിരുന്ന ആർ.എൽ.സരിത സ്വയം വിരമിച്ചു.

 2021 മേയ് 1 - അഡീ.ഡയറക്ടർ ഡോ.രമേശിന് ഡയറക്ടറുടെ ചുമതല.

 2021 ജൂൺ 15 -അഡീ.ഡയറക്ടർ ഡോ.വി.ആർ.രാജുവിന് ഡയറക്ടറുടെ ചുമതല

2022 മേയ് 31-രാജു വിരമിച്ചു

 2022 ജൂൺ 1-അഡീ.ഡയറക്ടർ ഡോ.പ്രീതയ്ക്ക് ഡയറക്ടറുടെ ചുമതല

Advertisement
Advertisement