കുണ്ടറ റെയിൽവേ സ്റ്റേഷനെ കണ്ടുതന്നെ അറിയണം !

Wednesday 27 July 2022 1:06 AM IST

 അലങ്കാരച്ചെടി കൊണ്ട് ആഘോഷമാക്കിയ പ്ളാറ്റ് ഫോം

കൊല്ലം: കുണ്ടറ റെയിൽവേ സ്റ്റേഷനിലെത്തുന്നവർ ആദ്യമൊന്നു സംശയിക്കും. അലങ്കാരച്ചെടികൾ വിൽക്കുന്ന കടയാണോ? സംശയിക്കേണ്ട, കുണ്ടറ സ്റ്റേഷൻ ആകപ്പാടെ മാറിപ്പോയി. അലങ്കാരച്ചെടികൾ കൊണ്ട് മനോഹരമായിരിക്കുന്നു പ്ളാറ്റ് ഫോം. ഒരു പക്ഷേ, ചെടികൾ കൊണ്ട് ഇത്രയും മനോഹരമായ മറ്റൊരു സ്റ്റേഷൻ രാജ്യത്തുതന്നെ ഉണ്ടാവില്ല. പരിസരമാകെ കാടുകയറി തീർത്തും മേശമായി കിടന്ന സ്റ്റേഷൻ പെട്ടെന്നാണ് സുന്ദരമായി മാറിയത്.

2021 ഏപ്രിലിൽ സ്റ്റേഷൻ സൂപ്രണ്ടായി ചുമതലയേറ്റ കെ.ആർ.രമേശിന്റെ ഭാവനയിലാണ് സ്റ്റേഷൻ വർണ്ണാഭമായത്. കൊവിഡ് കാലത്ത് ട്രെയിനും യാത്രക്കാരുമില്ലാതെ കാടുകയറി പാമ്പും പഴതാരയുമായി കിടന്ന

സ്റ്റേഷനിലേക്കായിരുന്നു രമേശിന്റെ വരവ്. സ്റ്റേഷൻ പരിസരം ആകർഷകമായി സൂക്ഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സഹപ്രവർത്തകരുമായി ആശയം പങ്കു വച്ചു. എല്ലാവരും സന്തോഷത്തോടെ ഒപ്പം കൂടി. പരിസരത്തെ കാടും പടലും വെട്ടിമാറ്റി വെടിപ്പാക്കി. സ്റ്റേഷൻ ഭിത്തികൾ പെയിന്റ് ചെയ്ത് മനോഹരമാക്കി. കൊല്ലം- ചെങ്കോട്ട പാത മീറ്റർ ഗേജായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫർണിച്ചറുകളും മറ്റും നവീകരിച്ച് പ്ളാറ്റ് ഫോമിന്റെ വിവിധ ഭാഗങ്ങളിലായി ഉറപ്പിച്ചു. മേശകളുടെ ചുറ്റും നെറ്റടിച്ച് അതിൽ വെർട്ടിക്കൽ പ്ളാൻ്റുകൾ നിറച്ചു. ഭിത്തിയിൽ ഹാങ്ങിംഗ് പ്ളാന്റുകൾ തൂക്കി. മണി പ്ളാൻ്റുകൾ, സ്നേക്ക് പ്ളാൻ്റുകൾ, അഗ്ളോണിമ, ഫില്ലോ ഡെൻറോൺ, സിങ്ക്റോണി തുടങ്ങി അകത്തും പുറത്തും അലങ്കാര ചെടികൾ കൊണ്ട് നിറച്ചു. അവിടവിടെയായി ബ‌‌ഞ്ചുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് ഇരിപ്പിട ഒരുക്കി. അങ്ങനെ ഘട്ടം ഘട്ടമായി ഒന്നാം നമ്പർ പ്ളാറ്റ് ഫോമും സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും ചെടികൾ കൊണ്ട് നിറഞ്ഞു. സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും അത് കാഴ്ചയും കൗതുകവുമായി.

.................................

ഒരു വർഷം കൊണ്ട് പല പല ഘട്ടങ്ങളിലായിട്ടാണ് ഇത്രയും ചെടികൾ വച്ചുപിടിപ്പിച്ചത്. എല്ലാവരുടെയും സഹകരണം ലഭിച്ചു.

കെ. ആർ. രമേശ്, സ്റ്റേഷൻ സൂപ്രണ്ട്.

Advertisement
Advertisement