ശബരിമല ശ്രീകോവിൽ ചാേർച്ച: വിദഗ്ദ്ധ പരിശോധന മൂന്നിന്

Wednesday 27 July 2022 1:10 AM IST

പത്തനംതിട്ട: ശബരിമലയിലെ സ്വർണ ശ്രീകോവിലിൽ ചോർച്ചയുണ്ടായ ഭാഗം ആഗസ്റ്റ് മൂന്നിന് വിദഗ്ദ്ധസംഘം പരിശോധിക്കും. ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുമ്പോൾ ശബരിമല സ്പെഷ്യൽ കമ്മിഷണർ, തന്ത്രി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. മേൽക്കൂരയ്ക്കു മുകളിലും ശ്രീകോവിലിനുള്ളിലും ചോർച്ചയുള്ള ഭാഗം കണ്ടെത്തും. ദർശനത്തിന് ഭക്തർ നിൽക്കുന്ന ഭാഗത്തുനിന്ന് കാണുന്ന ശ്രീകോവിലിനകത്ത് ഇടതുവശത്തെ കഴുക്കോലിൽ നിന്ന് സോപാനത്തെ ദ്വാരപാലക ശില്പങ്ങളിലേക്ക് തുള്ളിയായി വെളളംചോർന്നുവീഴുന്നുണ്ട്. ശ്രീകോവിലിന്റെ ഭിത്തിക്ക് നനവുമുണ്ട്. ചോർച്ചയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസിലാക്കി പരിഹാര നടപടികളെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗാേപൻ പറഞ്ഞു. ഇതിന് ദേവന്റെ അനുജ്ഞ വാങ്ങിയിട്ടുണ്ട്. 45 ദിവസത്തിനുളളിൽ ചോർച്ച അടയ്ക്കും. പുതിയ സ്വർണം ഭക്തർ വഴിപാടായി സമർപ്പിച്ചാൽ സ്വീകരിക്കും. ഇല്ലെങ്കിൽ ദേവസ്വം ബോർഡ് വാങ്ങും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി അനുമതി തേടുമെന്നും അനന്തഗോപൻ പറഞ്ഞു.