കുടിവെള്ള ഗുണമറിയാൻ 7 ആധുനിക ലാബുകൾ

Wednesday 27 July 2022 1:13 AM IST

കൊല്ലം: വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും കുടിവെള്ള ഗുണനിലവാരം പരിശോധിക്കാൻ ജല അതോറി​ട്ടി ഗുണനിലവാര പരിശോധനാ വിഭാഗം ജില്ലയിൽ ഏഴ് ആധുനിക ലബോറട്ടറികൾ ആരംഭിച്ചു.

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കിണർ വെള്ളത്തിന് ഗുണനിലവാരം കുറവാണെന്ന് ജലജീവൻ മിഷന്റെ സർവേയിൽ കണ്ടെത്തിയിരുന്നു. പുളിപ്പ് രുചി, ഇരുമ്പ് ചുവ, സൾഫേ​റ്റ്, നൈട്രേറ്റ്, കോളിഫോം, ഇ കോളി തുടങ്ങിയവയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. വാണിജ്യ സ്ഥാപനങ്ങളിലും വീടുകളിലും ഉപയോഗിക്കുന്ന കുടിവെള്ളം വർഷത്തിലൊരിക്കലെങ്കിലും ഗുണനിലവാരം പരിശോധിക്കണമെന്ന് ജല ഗുണനിലവാര പരിശോധനവിഭാഗം അറിയിച്ചു.

ഓൺലൈനായി അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ച ശേഷം അന്നേ ദിവസം ക്യാനിലോ ബോട്ടിലിലോ ശേഖരിച്ച രണ്ടു ലി​റ്റർ വെള്ളവും ഫീസ് അടച്ച രസീതും സഹിതും ലാബിൽ ഹാജരാക്കണം. ഫലം അഞ്ചു മുതൽ ഏഴു ദിവസത്തിനുള്ളിൽ വെബ്‌സൈ​റ്റിലൂടെ തന്നെ പ്രിന്റെടുക്കാം. ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും ലഭ്യമാക്കും.

ലാബുകൾക്ക് എൻ.എ.ബി.എൽ അംഗീകാരവും ഐ.എസ്.ഒ നിലവാരവുമുണ്ടെന്ന് അധികൃതർ അറിയിച്ചു. വീട്ടിലെ കുടിവെള്ളം പരിശോധിക്കാൻ 250 രൂപമുതലുള്ള പാക്കേജുകൾ ലഭ്യമാണ്. 850 രൂപയ്ക്ക് കുടിവെള്ളത്തിന്റെ എല്ലാത്തരം പരിശോധനയും ലഭ്യമാകും.

പി.എച്ച് കുറവ്: പുളിപ്പ് രുചി
പി.എച്ച് കൂടുതൽ: ക്ഷാരരുചി
ഇരുമ്പിന്റെ അംശം കൂടുതൽ: എണ്ണപ്പാട, മഞ്ഞനിറം, ഇരുമ്പ് ചുവ
ക്ലോറൈഡ് കൂടുതൽ: ഉപ്പ് രുചി
കാഠിന്യം, സോപ്പ് പതയാതിരിക്കൽ: ഘന ജലം
ഉച്ചയ്ക്ക് നിറം മാറൽ: ആൽഗയുടെ സാന്നിദ്ധ്യം
ഫോസ്‌ഫേ​റ്റ്, നൈട്രേ​റ്റ് എന്നിവയുടെ ആധിക്യം: പൂപ്പൽ

ജില്ലയിലെ ലാബുകൾ

 ജില്ലാ ലബോറട്ടറി (കൊല്ലം ജലഭവൻ)

 മുഖത്തല സബ് ജില്ലാ ലബോറട്ടറി (കൊല്ലം ജലഭവൻ)

 മീനാട് ജൈക്ക വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് (പുനലൂർ )

 ചടയമംഗലം (മടത്തറ)

 ശാസ്താംകോട്ട

 കൊട്ടാരക്കര (വാളകം)

 ചവറ കരുനാഗപ്പള്ളി

വെബ്‌സൈറ്റ്: qpay.kwa.kerala.gov.in

Advertisement
Advertisement